തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്നു. തൃശൂര്‍ കേച്ചേരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. 23കാരനായ ഫഹദിനെയാണ് പിതാവ് സുലൈമാന്‍ കൊലപ്പെടുത്തിയത്.
പൊള്ളലേറ്റ ഫഹദിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ 10.30തോടെയാണ് സുലൈമാന്‍റെ കൊടും ക്രൂരത. വീടിന് പിറകുവശത്തെ വരാന്തയില്‍ വെച്ചായിരുന്നു സംഭവം. മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കത്തി തീര്‍ന്ന ശേഷം തീയണച്ച് പ്രതി ഓടി രക്ഷപെടുകയും ചെയ്തു.
സംഭവസമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടില്‍ പോയതായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു.
മകനെ ഒഴിവാക്കാനാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുലൈമാനും. സംഭവത്തിനിടെ ഇയാള്‍ക്കും പൊള്ളലേറ്റു. സുലൈമാനെ പൊലീസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






