Hot Posts

6/recent/ticker-posts

വൃദ്ധമാതാവിന്റെ 'നീലക്കുറിഞ്ഞി' സ്വപ്നം പൂവണിയിച്ച് മക്കൾ


കോട്ടയം സ്വദേശിനിയും 87 വയസ്സുകാരിയുമായ ഏലിക്കുട്ടിയ്ക്ക് ഒരു ആ​ഗ്രഹം. മറ്റൊന്നുമല്ല, നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നത് ഒന്ന് കാണണം. പിന്നൊന്നും നോക്കിയില്ല, മക്കള്‍ അമ്മയുടെ ആഗ്രഹം നടത്തിക്കൊടുത്തു. 


ഇടുക്കി കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്തത് അറിഞ്ഞതോടെ കോട്ടയം മുട്ടുച്ചിറ സ്വദേശി റോജനും കുടുംബവും അത് കാണാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ 87-കാരിയായ അമ്മ ഏലിക്കുട്ടി പോള്‍ തന്റെ ആഗ്രഹം മകനോട് രഹസ്യമായി പറഞ്ഞു. അതോടെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തന്നെ മക്കളായ റോജനും സഹോദരന്‍ സത്യനും തീരുമാനിക്കുകയായിരുന്നു.


അങ്ങിനെ അവര്‍ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞിയുടെ മനോഹാരിതയിലേക്ക് അമ്മയെയും കൊണ്ട് നടന്നുകയറി.
കുഞ്ഞുങ്ങളായിരിക്കേ തങ്ങളെ ഒരുപാട് എടുത്ത് നടന്ന അമ്മയെ, കയ്യില്‍ എടുത്തുകൊണ്ടാണ് മക്കള്‍ കള്ളിപ്പാറ മലനിരകളിലേക്ക് എത്തിയത്.


രണ്ട് കിലോമീറ്ററോളം ഉള്ള യാത്ര ഓഫ് റോഡ് ജീപ്പില്‍ ആയിരുന്നു. അവിടെനിന്നും മക്കള്‍ അമ്മയെ എടുത്തു മുകളിലേക്ക് നടന്നു. നടക്കുമോ എന്ന് ഉറപ്പില്ലാത്ത തന്റെ ആഗ്രഹം മക്കള്‍ സാധിച്ചതോടെ, ഏലിക്കുട്ടിയുടെ മുഖത്ത് കണ്ടത് ലോകം കീഴടക്കിയതിന്റെ സന്തോഷമായിരുന്നു.


Reactions