കോട്ടയം: കെഎസ്ആർടിസി ബസിനടിയിലേക്കു വീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി. സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് 5.30 ന് എം സി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണു സംഭവം.
ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സ്കൂൾ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെ എസ് ആർ ടി സി ബസ് വരുന്നതുകണ്ട് ഓടി കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നു വെന്നു പൊലീസ് പറയുന്നു.
ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാൽ, മുടി ടയറിന്റെ ഇടയിൽ കുടുങ്ങി.







