Hot Posts

6/recent/ticker-posts

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ബസ് നിയന്ത്രണം വിട്ട് അപകടം



അടൂർ: ഡ്രൈവർക്കു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നു സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം. റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിലും വീടിന്റെ മതിലിലുമിടിച്ച ശേഷം ബസ് ഇടറോഡിലേക്ക് ഇടിച്ച് ഇറങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കും എൽകെജി വിദ്യാർഥിനിക്കും പരുക്കേറ്റു. 


ബസിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ അൻപതോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കു വൻദുരന്തം ഒഴിവായി. കെപി റോഡിൽ കലുങ്കിന്റെ നിർമാണം നടക്കുന്നതിനാൽ പന്നിവിഴ–ടിബി ജംക്‌ഷൻ റോഡിലൂടെ പോയ കാരൂർ ബസാണു നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. 


ചൊവ്വാഴ്ച വൈകിട്ട് 4ന് പന്നിവിഴ പാണ്ടിക്കുടി ജംങ്ഷനിലായിരുന്നു അപകടം. ബസ് ഡ്രൈവർ തെങ്ങമം സരസ്വതി വിലാസത്തിൽ ജ്യോതിഷ്കുമാർ (33), ആദിക്കാട്ടുകുളങ്ങര എച്ച്ഐഎസ്ജെ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനി ആദിക്കാട്ടുകുളങ്ങര വല്യവിളയിൽ ഷിഹാബുദ്ദീന്റെ മകൾ ഷഹാന ഫാത്തിമ(4) എന്നിവർക്കാണു പരുക്കേറ്റത്. 


ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനെ ഇടിച്ചു നീക്കിയ ശേഷം സമീപത്തുള്ള വീടിന്റെ മതിലിലും ബസ് ഇടിച്ചു. മതിൽ തകർത്ത് ഇടറോഡിന്റെ വശത്തെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറിയാണു നിന്നത്. പൂഴിക്കാട് മലമുകളിൽ അനുവില്ലയിൽ അനു വർഗീസിന്റെ കാർ ആണു തകർന്നത്. പാണ്ടിക്കുടിയിലുള്ള ബന്ധുവീട്ടിൽ വന്നതായിരുന്നു അനു.



ബസ് നിയന്ത്രണം വിട്ടപ്പോൾ ബ്രേക്ക് ചവിട്ടി നിർത്താൻ അസ്വസ്ഥതകൾക്കിടയിലും ഡ്രൈവർ ശ്രമിച്ചെങ്കിലും ബസ് നിന്നില്ലെന്നു യാത്രക്കാർ പറഞ്ഞു. ബസ് മറിയാതിരുന്നതിനാലാണു കൂടുതൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഡ്രൈവറുടെ മുഖത്തും ഷഹാനയുടെ തലയ്ക്കും ചെറിയ പരുക്കേറ്റു. 

ബസ് അപകടത്തിൽപ്പെട്ടതോടെ ഇതിലുണ്ടായിരുന്ന സ്കൂൾ കുട്ടികളെല്ലാം ഭയന്നു നിലവിളിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റ ഡ്രൈവറേയും കുട്ടിയേയും ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് നഗരസഭാ അധ്യക്ഷൻ ഡി. സജിയും സ്ഥിരം സമിതി അധ്യക്ഷൻ അജി പാണ്ടിക്കുടിയും സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

Reactions