Hot Posts

6/recent/ticker-posts

വിദ്വേഷം പടർത്തുന്ന ചാനൽ അവതാരകരെ പിൻവലിക്കണം- സുപ്രീം കോടതി


സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന വാർത്താ ചാനൽ അവതാരകർക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീംകോടതി. കുറ്റക്കാരായ അവതാരകരെ പിൻവലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 


പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകൾക്ക് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസുമാരായ  കെ.എം ജോസഫ്, ബി.വി.നാഗരത്ന എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതിനിടെ വിദ്വേഷ പ്രസംഗങ്ങൾ നേരിടാൻ ക്രിമിനൽ നടപടി ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.


ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വിഭാഗം ചാനലുകൾ ശ്രമിക്കുകയാണ്. അജണ്ടകളോടെ പ്രവർത്തിക്കുന്ന ചാനലുകൾ വാർത്തകൾ സ്തോഭജനകമായി അവതരിപ്പിക്കാൻ മത്സരിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 


വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ.



ചാനൽ അവതാരകർ തന്നെ പ്രശ്നക്കാർ ആകുമ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. NBSA പോലുള്ള സ്ഥാപനങ്ങൾ കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. ഇത്തരം സ്ഥാപനങ്ങൾ ഏകപക്ഷീയമായി പ്രവർത്തിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രം ഒഴിച്ച വ്യക്തിയെ ചാനലുകൾ വിശേഷിപ്പിച്ച രീതിയെയും സുപ്രീം കോടതി വിമർശിച്ചു. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ്. കുറ്റകാരൻ ആണെന്ന് കോടതിയുടെ തീർപ്പ് ഉണ്ടായിട്ടില്ല. ആരെയും നിന്ദിക്കാൻ മാധ്യമങ്ങൾക്ക് അവകാശം ഇല്ല. എല്ലാവർക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അഭിപ്രായ സ്വന്തന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവും പ്രധാനപെട്ടതാണ്. മാധ്യമങ്ങൾ അവ അവകാശപ്പെടുമ്പോൾ അതിന് അനുസരിച്ച് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിദ്വേഷ പ്രസംഗങ്ങൾ സമൂഹത്തിന് ഭീഷണി ആണെന്നും ബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് വിദ്വേഷ പ്രസംഗങ്ങൾ നേരിടാൻ ക്രിമിനൽ നടപടി ചട്ടത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

Reactions