Hot Posts

6/recent/ticker-posts

നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി


ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെ 2016-ലെ നടപടി ശരിവെച്ച് സുപ്രീം കോടതി. കേന്ദ്രത്തിന്റെ നടപടിയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. 


അഞ്ചംഗ ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാരും ഗവായിയുടെ നിലപാടിനോട് യോജിച്ചു. എന്നാൽ, ഭിന്നവിധിയാണ് ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ബി.വി. നാഗരത്നയുടേത്.


നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് വിധിയിൽ ജസ്റ്റിസ് ഗവായി വ്യക്തമാക്കി. സർക്കാർ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിന് തന്നെയാണ് പരമാധികാരം.


നോട്ട് നിരോധനത്തിലൂടെ സർക്കാർ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോൾ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരിൽ മൂന്ന് ജഡ്ജിമാർ ഗവായിയുടെ വിധിയിയോട് യോജിച്ചു.



ഗവായിയുടെ വിധിയിൽനിന്നും ഭിന്നവിധിയാണ് ബി.വി നാഗരത്നയുടേത്. നോട്ട് അസാധുവാക്കൽ നടപടിക്ക് തുടക്കംകുറിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയിൽ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാൻ അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയിൽ പറയുന്നു.

ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാൻ സർക്കാരിന് അവകാശമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.

വളരെ സൂക്ഷമതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സർക്കാർ കോടതിയിൽ അവകാശപ്പെട്ടത്. വ്യാജ കറൻസികൾ, തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള സഹായം, നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി. കോടതിക്ക് ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ഇടപെടുന്നതിന് പരിമിധികളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ നോട്ടുകളും കള്ളപ്പണവും നിയന്ത്രിക്കാനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി. ചിദംബരം വാദിച്ചിരുന്നു.

Reactions