വൈക്കം അയ്യരുകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. മകളെ വീടിനുള്ളിലെ കിടപ്പ് മുറിയിലും പിതാവിനെ സമീപത്തെ മറ്റൊരു കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.
മകളുടെ മരണത്തിൽ സംശയമുള്ളതിനാൽ ഫൊറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യരുകുളങ്ങര മൂത്തേടത്ത് ജോർജ്ജ് ജോസഫിനെയും മകളും ഭിന്നശേഷിക്കാരിയുമായ ജീൻസിയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായ മറ്റൊരു മകൾ ലിൻസി ഫോൺവിളിച്ചിട്ടും എടുക്കാത്തതിനാൽ സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.
ഭിന്നശേഷിക്കാരി ആയതിനാൽ ജിൻസി കട്ടിലിൽ കിടക്കുന്നതിൽ അസ്വാഭാവികത തോന്നാത്ത നാട്ടുകാർ ജോർജ് ജോസഫിനായി തിരച്ചിൽ നടത്തുകയായിരുന്നു. പുരയിടത്തിലെ തൊഴുത്തിനോട് ചേർന്നുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ജോർജ് ജോസഫിനെ കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മകളുടെ കുട്ടികൾ വീട്ടിലെത്തിയപ്പോൾ ജോർജ്ജിനെ കണ്ടിരുന്നതായി പറയുന്നുണ്ട്. ഭിന്നശേഷിക്കാരിയായ ജിൻസി മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചിരുന്നതായും പിതാവിനെ മാത്രമാണ് മുറിയിൽ പ്രവേശിപ്പിച്ചിരുന്നത് എന്നും നാട്ടുകാർ പറയുന്നുണ്ട്.
മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജോർജ് ജോസഫ് ആത്മഹത്യ ചെയ്തതാണ് എന്ന സംശയം ഉയരുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം ഫലം വന്നതിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ ആവുമെന്നാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.






