Hot Posts

6/recent/ticker-posts

സ്പെഷ്യല്‍ മാര്യേജ് ആക്ടിന്‍റെ അപാകതകള്‍ പരിഹരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍


ക്രിമിനല്‍ പശ്ചാത്തലമുള്ളവരും, മയക്കുമരുന്ന് മാഫിയ അംഗങ്ങളും  പ്രണയക്കെണികളൊരുക്കി പെണ്‍കുട്ടികളെ വശത്താക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടിന്‍റെ  അപാകതകള്‍ പരിഹരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍  ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ സമര്‍പ്പിച്ച വിവരം മാതാപിതാക്കളെ   അറിയിക്കാന്‍   നടപടി  സ്വീകരിക്കണമെന്നും വിവാഹിതരാകുന്നവര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  കമ്മീഷന്‍ ആവശ്യപ്പെട്ടു. 


സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ  അപാകതകള്‍ വിശദീകരിച്ചുകൊണ്ട് ദീപിക ദിനപത്രത്തില്‍ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ഡോക്ടര്‍ മൈക്കിള്‍ പുളിക്കല്‍ എഴുതിയ ലേഖനത്തിലാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.


ഏതെങ്കിലും ഒരു രജിസ്ട്രാര്‍ ഓഫീസിന്‍റെ പരിധിയില്‍ മുപ്പത് ദിവസമെങ്കിലും താമസിച്ചതായി തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാമെന്നാണ് നിയമം വ്യക്തമാകുന്നത്. തുടര്‍ന്ന് 30 ദിവസത്തെ നോട്ടീസ് പിരീഡിന് ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യാം. ആ ഒരു മാസം രജിസ്ട്രാര്‍ ഓഫീസിന്‍റെ നോട്ടീസ് ബോര്‍ഡില്‍ വിവാഹ അറിയിപ്പ് പതിച്ചിരിക്കും.


പ്രസ്തുത നോട്ടീസ് ബോര്‍ഡ് ആര്‍ക്കും ചെന്ന് പരിശോധിക്കാവുന്നതാണ്. എന്നാല്‍, 2020 ജൂലൈയില്‍ രജിസ്ട്രേഷന്‍ വകുപ്പ് നോട്ടീസ് പതിക്കല്‍   നിര്‍ത്തലാക്കി. തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നു എന്ന  പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍   30 ദിവസം നോട്ടീസ് പതിക്കുന്ന പതിവ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ചില വ്യക്തികള്‍  സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി ആ ആവശ്യം തള്ളുകയും ചെയ്തിരുന്നു.


കുട്ടികള്‍ ഒളിച്ചോടി വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആ വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് അറിയേണ്ടതില്ലേ എന്നും  ഒരു ഭര്‍ത്താവോ ഭാര്യയോ ആണ് ഇത്തരത്തില്‍ മറ്റൊരു വ്യക്തിയോടൊപ്പം വിവാഹിതരാകുന്നതെങ്കില്‍ എങ്ങനെയാണ് മറ്റൊരു വ്യക്തി ഇതറിയുന്നതെന്നും സുപ്രിംകോടതി ചോദിചിരുന്നു. പ്രണയക്കെണികളെ തുടര്‍ന്നുള്ള വിവാഹങ്ങള്‍ കേരളത്തില്‍ ധാരാളമായി നടക്കുന്നതായി വിവിധ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.



ക്രിമിനല്‍ പശ്ചാത്തലമുള്ളവരും, മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രണയക്കെണികളൊരുക്കി പെണ്‍കുട്ടികളെ വശത്താക്കുന്നതിന്‍റെ സൂചനകളാണ് വിവിധ വാര്‍ത്തകളുടെ രൂപത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ പഴുതുകള്‍ ദുരുപയോഗിക്കുന്നതായി സംശയിക്കപ്പെടുകയും, രഹസ്യവിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ യുക്തമായ ഇടപെടലുകള്‍ നടത്തേണ്ടത് ആവശ്യമാണ്.

വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ സമര്‍പ്പിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.  ഈ പശ്ചാത്തലത്തില്‍, വിവാഹിതരാകുന്നവര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഓണ്‍ലൈന്‍ വഴി വിവാഹ അറിയിപ്പ് നല്‍കേണ്ടതില്ല എന്ന രജിസ്ട്രേഷന്‍ വകുപ്പിന്‍റെ ഉത്തരവ് പിന്‍വലിക്കുകയും ആ പതിവ് പുനരാരംഭിക്കുകയും വേണം.

അത്യന്തം ഗൗരവതരമായ ഈ സാഹചര്യത്തെ ഉചിതമായ പ്രാധാന്യത്തോടെ പരിഗണിക്കുകയും, കുറ്റമറ്റ രീതിയില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്നത് ഉറപ്പുവരുത്തുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലേഖനം ചൂണ്ടികാട്ടുന്നു.

Reactions