പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 14ാം വാർഡിൽ മുക്കുഴി-മുരിങ്ങപ്പുറം ഭാഗങ്ങളിൽ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുൻ എം.എൽ.എ പി സി ജോർജിനുള്ള സ്വീകരണ സമ്മേളനവും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ അനിൽ കുമാർ മഞ്ഞപ്ളാക്കൽ, പഞ്ചായത്തംഗങ്ങളായ പി.ജി ജനാർദ്ദനൻ, ആനിയമ്മ സണ്ണി, സജി സിബി, സജി കദളിക്കാട്ടിൽ, എംഇയുസി ബാങ്ക് ചെയർമാൻ കെ.എഫ് കുര്യൻ കളപ്പുരയ്ക്കപറമ്പിൽ, എൽസമ്മ ടോമി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ, പ്രകാശ് കിഴക്കേത്തോട്ടം, ബീന ബെന്നി എന്നിവർ പങ്കെടുത്തു.
പി സി ജോർജിൻ്റെ 2019- 2020 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപാ അനുവദിച്ച് നിർമ്മിച്ച മുക്കുഴിപാലം, 15 ലക്ഷം രൂപയുടെ അപ്രോച്ച് റോഡ്, 20 ലക്ഷം രൂപയുടെ തൊട്ടിപ്പാറ-മുരിങ്ങപ്പുറം റോഡ് സംരക്ഷണഭിത്തി, 45 ലക്ഷം രൂപയുടെ വിവിധ റോഡ് കോൺക്രീറ്റുകൾ, എന്നിവയുടെ ഉദ്ഘാടനമാണ് നടത്തിയത്.
മുക്കുഴി പാലം തുറന്നതോടുകൂടി നൂറ് കണക്കിന് കുടുബങ്ങൾക്ക് വീട്ട് മുറ്റത്ത് വാഹനമെത്തുക എന്ന വലിയ സ്വപ്നമാണ് സാക്ഷാൽക്കരിച്ചിരിക്കുന്നത്. അതോടൊപ്പം കുന്നോന്നിയിൽ നിന്ന് പാതാമ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൂഞ്ഞാറിലെത്താതെ പാതാമ്പുഴക്ക് പോകാനുള്ള എളുപ്പ മാർഗ്ഗവുമാണ് ഇത്. അതു വഴി രണ്ട് കിലോമീറ്ററോളം ദൂരം ലാഭിക്കാനുമാകും.








