കൊച്ചി സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി. കേരളത്തിൽ ആദ്യമായിട്ടാണ് ആർത്തവ അവധി നൽകുന്നത്. ഒരോ സെമസ്റ്ററിൽ രണ്ട് ശതമാനം അധികം അവധി ആനുകൂല്യം നൽകും.
നിലവിൽ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജർ ഉണ്ടായാൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. അതിൽ കുറവ് ഹാജർ ഉള്ളവർ വൈസ് ചാൻസിലർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ് രീതി.
എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട. അവധി അപേക്ഷ മാത്രം നൽകിയാൽ മതിയാകും. കൂടാതെ കഴിഞ്ഞമാസം എംജി സർവ്വകലാശാല പ്രസവ അവധിയായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ അവധി തീരുമാനിച്ചിരുന്നു.
അടുത്തിടെ ആർത്തവ ദിവസങ്ങളിലെ അവധി ആവശ്യപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചിരുന്നു.
വിദ്യാർത്ഥിനികൾക്കും ജോലിചെയ്യുന്നവർക്കും ആർത്തവ അവധി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത്. ഭരണഘടന 14ാം അനുച്ഛേദം പ്രകാരം ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.






