Hot Posts

6/recent/ticker-posts

സഹകരണ സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ; വിവരങ്ങൾ കേന്ദ്രത്തിന് ലഭിക്കും- മന്ത്രി വി.എന്‍ വാസവന്‍



തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയർ തയ്യാറാക്കി നല്‍കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സംഘങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച് മുഴുവന്‍ ഡാറ്റയും കേന്ദ്ര സര്‍വറിലാണ് സൂക്ഷിക്കുക. 


എന്നാല്‍ ഇതുവഴി വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റകള്‍ കേന്ദ്രസര്‍ക്കാറിന് ലഭ്യമാകുന്നതോടെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനാകുമെന്നും മന്ത്രി ആരോപിച്ചു.



സംസ്ഥാന സർക്കാർ കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ഇതിനോടകം അന്തിമഘട്ടത്തിലാണ്. രാജ്യത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ഡയറി സംഘങ്ങൾ, മത്സ്യ സംഘങ്ങൾ എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ കേന്ദ്രം തയ്യാറാക്കുന്ന ഡേറ്റാ ബേസിലേക്ക് നൽകണമെന്ന നിർദ്ദേശം കേന്ദ്ര സഹകരണ മന്ത്രാലയം നൽകിയിരുന്നു. 


രാജ്യത്തെ ഇത്തരം സംഘങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ഡേറ്റാബേസ് തയ്യാറാക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്- വി.എൻ. വാസവൻ പറഞ്ഞു. ഡാറ്റാ ബേസിലെ വിവരങ്ങളുപയോ​ഗിച്ച് സംസ്ഥാനത്തെ സംഘങ്ങളുടെമേൽ നേരിട്ട് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് കേന്ദ്ര നീക്കമെന്നും അദ്ദേഹം ആരോപിച്ചു.


കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ മികച്ച രീതിയിലും രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായി പ്രവർത്തിച്ചു വരുന്നതാണ്. ഇത്തരത്തിലുള്ള സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്ത തകർക്കുന്നതിനും കേന്ദ്രസർക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങൾ സഹകരണ മേഖലയിൽ അടിച്ചേൽപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിലവിലുള്ള തീരുമാനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാന സർക്കാരുമായി ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ചർച്ചയോ അഭിപ്രായങ്ങളോ തേടാതെയാണ് കേന്ദ്രം ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വ്യവസ്ഥകളുടെയും ഫെഡറൽ തത്വങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Reactions