അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പറഞ്ഞിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.
അവിശ്വാസികളെ ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ അവരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സുരേഷ് ഗോപിയ്ക്ക് ധൈര്യമുണ്ടോ എന്നതാണ് പ്രധാന വിമര്‍ശനം. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തുന്നത്.
വിശ്വാസം കുട്ടികളില്‍ സ്നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ നല്ലൊരു ആയുധമാണന്ന് സുരേഷ് ഗോപി പറഞ്ഞു. ഖുറാനേയും ബൈബിളിനേയും മാനിക്കണമെന്നും വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ശക്തികളോട് പൊറുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ അവസരത്തില്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവനും വിഷയത്തിൽ പ്രതികരിച്ചു.'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ! , എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയുടെ നിലപാടിനെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റീ-ട്വീറ്റ് ചെയ്താണ് എന്‍ എസ് മാധവന്റെ പ്രതികരണം.









