തിരുവനന്തപുരം: തന്‍റെ തുടർചികിത്സ നിഷേധിക്കുന്നുവെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് വിശദീകരണം.
ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന രീതിയിൽ വ്യാപകമായ വാർത്തകളും പ്രചാരണങ്ങളും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ വിശദീകരണം. മകന്‍ ചാണ്ടി ഉമ്മന്‍റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
യാതൊരു വിധത്തിലുമുള്ള വീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെയൊരു അഭ്യൂഹം പരക്കാനിടയുണ്ടായ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അതിന്‍റെ കാരണം അന്വേഷിച്ച് കണ്ടെത്തി എല്ലാവരെയും അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസവും അത് സംബന്ധിച്ച് ഫേസ്ബുക്കില്‍ വശദീകരിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്നും അടുത്ത റിവ്യൂവിനായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.








