തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും. ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങി എൻ.സി.ഇ.ആർ.ടി. ഒഴിവാക്കിയ പാഠഭാഗങ്ങളാണ് കേരളത്തിൽ പഠിപ്പിക്കുക.
എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന് വന്നിരുന്നു. പല സംസ്ഥാനങ്ങളും ഇതിന് ബദലായി സമാന്തര പാഠപുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു.
ഇത്തരത്തിൽ കേരളത്തിലും പാഠപുസ്തകം പുറത്തിറക്കുമെന്നാണ് ഇപ്പോൾ കരിക്കുലം കമ്മിറ്റിയിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. വൈകാതെ തന്നെ പുസ്തകം അച്ചടിക്കുമെന്നാണ് വിവരം.
ഗാന്ധി വധം, ആർ.എസ്.എസ്. നിരോധനം, മുഗൾ ചരിത്രം, ടിപ്പുവിന്റെ ചരിത്ര ഭാഗങ്ങൾ തുടങ്ങിയവ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അടക്കമുള്ളവർ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഈ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകമായിരിക്കണം എൻ.സി.ഇ.ആർ.ടി. സംസ്ഥാനത്ത് ഇറക്കേണ്ടത്, അല്ലെങ്കിൽ സമാന്തരമായി സംസ്ഥാനം പുസ്തകം പുറത്തിറക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.





