Hot Posts

6/recent/ticker-posts

റോഡ്‌ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി കീശകീറും




ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച (നാളെ) മുതല്‍ കീശകീറും. സംസ്ഥാനത്തെ നിരത്തുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. 



കുറ്റകൃത്യങ്ങള്‍ സ്വയം കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ഇതൊഴിവാക്കുകയാണ് ലക്ഷ്യം.


നടപടി ഇങ്ങനെ

ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ്, ഉടമയ്ക്ക് പിഴസംബന്ധിച്ച വിവരം മൊബൈല്‍ ഫോണ്‍ വഴിയും തപാലായും നല്‍കും. നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞാലുടന്‍ സെര്‍വറിലേക്കുപോയി അവിടെനിന്ന് പിഴയടയ്‌ക്കേണ്ട വിവരം ഉടമയ്ക്ക് എസ്.എം.എസായി അയക്കും.




ഇതിനുപിന്നാലെയാണ് തപാല്‍വഴിയും ഉടമയ്ക്ക് നോട്ടീസ് അയക്കുക. നിശ്ചിതസമയത്തിനുള്ളില്‍ പിഴയടയ്ക്കാത്ത വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേസ് വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.

വാഹനങ്ങളുടെ നമ്പറും വാഹനങ്ങളുടെ അകത്തെ ദൃശ്യങ്ങള്‍ മുന്‍വശത്തെ ഗ്ലാസിലൂടെ പകര്‍ത്താനും ക്യാമറയ്ക്കുകഴിയും. തിരക്കുള്ള സ്ഥലങ്ങളിലും സ്ഥിരം അപകടമേഖലകളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ കൈനാട്ടിയിലുള്ള ഓഫീസിലാണ് ക്യാമറകളുടെ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Reactions