സമൂഹത്തിൽ ഒറ്റപ്പെട്ട, മാനസിക വെല്ലുവിളി നേരിടുന്ന ആളുകളെ സംരക്ഷിക്കുന്ന പാലാ മരിയസദനം 25 വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. മനശാന്തി സമ്മർ ചാരിറ്റി കാർണിവൽ 2023 ഏപ്രിൽ 14,15,16 തീയതികളിൽ മരിയ സദനത്തിൽ നടത്തപ്പെടുകയാണ്.
കഴിഞ്ഞ വർഷങ്ങളിലെ പോലെ മനോരോഗസ്ഥരായ ആളുകൾ നടത്തുന്ന സ്റ്റാളുകൾ, ഭക്ഷണശാലകൾ, കലാപരിപാടികൾ എന്നിവയെല്ലാം പൊതുജനങ്ങൾക്കും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ ഇത്തവണയും ഒരുക്കുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം മനശാന്തി സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
സഹകാരികളുടെ സമ്മേളനവും, മനോരോഗികളായ ആളുകളുടെ മാനസിക ഉല്ലാസവും ഉറപ്പു വരുത്തുന്ന ഈ സ്നേഹ കൂട്ടായ്മ പൂരങ്ങൾ ഇല്ലാത്തവരുടെ പൂരം എന്നാണ് വിശേഷിപ്പിക്കുന്നത്. സഹകാരികൾക്ക് മരിയ സദനത്തിൽ എത്തി നമ്മുടെ സഹോദരങ്ങളെ സന്ദർശിക്കാനും അവരോടൊപ്പം സമയം പങ്കിടുവാനും ഈ കാർണിവൽ അവസരം ഒരുക്കുന്നു.
2014 മുതലാണ് മനശാന്തിയ്ക്ക് തുടക്കം കുറിക്കുന്നത്, പിന്നീട് 2016,2017,2019 വർഷങ്ങളിൽ ഈ സമ്മർ ചാരിറ്റി കർണിവൽ സംഘടിപ്പിച്ചിരുന്നു. 2023 ൽ അഞ്ചാം തവണയാണ് മനശാന്തി മരിയസദനത്തിൽ സംഘടിപ്പിക്കുന്നത്.
മാനസികരോഗ പുനരധിവാസരംഗത്ത് പാലാ മരിയസദനം 25 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഈ കാലയളവിൽ 4,000 ത്തിലധികം മനോനില തകർന്ന അനാഥരായ സഹോദരങ്ങളെ സംരക്ഷിക്കുവനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും മരിയസദനത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ വൃദ്ധജനങ്ങൾ, മനോരോഗികൾ, കുട്ടികൾ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, വികലാംഗർ, കിടപ്പു രോഗികൾ തുടങ്ങി 500 റോളം സഹോദരങ്ങൾ മരിയസദനത്തിൽ വസിക്കുന്നു. കാർഡിനേൽ മാർ ജോർജ് അലഞ്ചേരി, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഫാദർ ജോസഫ് കണിയോടി, ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വിഎച്ച് കുര്യൻ, ഡോ.സിറിയക് തോമസ്, ഡോ.ടോണി തോമസ് പരിന്തിരിക്കൽ, ഫാ.റോയ് വടക്കേല്, പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജോസിൻ ബിനോ, ബൈജു കൊല്ലംപറമ്പിൽ, ബിനു പുളിക്കകണ്ടം, ജോസ് ചീരാംകുഴി, രാജേഷ് വാളിപ്ലാക്കൽ, പിഎസ് ബിജു, ടിസ്സൺ ചന്ദ്രൻ കുന്നേൽ, ബിബി ജോർജ്, ജോർജ് കരുണക്കൽ, സന്തോഷ് മരിയസദനം തുടങ്ങിയവർ പങ്കെടുത്തു.





