Hot Posts

6/recent/ticker-posts

ഐസ്ക്രീമിൽ വിഷം കലർത്തിയ താഹിറ ലക്ഷ്യം വച്ചത് കുട്ടിയുടെ മാതാവിനെ




കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീമിൽ വിഷം കലർത്തി കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരി ലക്ഷ്യമിട്ടത് കുട്ടിയുടെ മാതാവിനെയെന്ന് മൊഴി. എന്നാൽ, മാതാവ് മറ്റു രണ്ടു കുട്ടികൾക്കൊപ്പം പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നതിനാൽ ഐസ്ക്രീം കഴിച്ചില്ല. 


വീട്ടിലെ ഫ്രിഡ്ജിൽനിന്ന് കുട്ടി ഒറ്റയ്ക്ക് ഐസ്ക്രീം എടുത്തു കഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദിച്ച് അവശനിലയിലായ അഹമ്മദ് ഹസന്‍ റിസായി ഞായറാഴ്ചയാണ് മരിച്ചത്.


കുട്ടിയുടെ പിതാവ് കോറോത്ത് മുഹമ്മദലിയുടെ സഹോദരി താഹിറയെയാണ്, റിസായിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കുടുംബവുമായി താഹിറയ്ക്ക് നേരത്തേ മുതൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. 




ഐസ്ക്രീം കഴി‍ച്ചതിനെ തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് കുട്ടി മരിച്ച അന്നുതന്നെ ചില സംശയങ്ങൾ ഉയർന്നിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നും ഇതിനു പിന്നിൽ പിതൃസഹോദരിയാണെന്നും പൊലീസ് കണ്ടെത്തിയത്. ഇതേത്തുടർന്ന് 38കാരിയായ താഹിറയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പ്രതി നൽകിയ മൊഴി. ചോദ്യം ചെയ്യൽ തുടരുകയാണ്. കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന തർക്കങ്ങളെ തുടർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് താഹിറ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി. കൊലപാതകം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Reactions