Hot Posts

6/recent/ticker-posts

​കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ; പാലരുവി എക്സ്പ്രസ്സ് എറണാകുളം വരെ സർവീസ് നടത്തണമെന്നാവശ്യം

പ്രതീകാത്മക ചിത്രം



കടുത്തുരുത്തി: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ  വ്യാഴാഴ്ച 16326/25 കോട്ടയം- നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സ്, 16791/92 തിരുനെൽവേലി പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് ട്രെയിനുകൾ അടക്കം നിരവധി ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദ് ചെയ്ത റെയിൽവേയുടെ നടപടി കോട്ടയം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാക്കും. 


കോട്ടയം - എറണാകുളം റൂട്ടിൽ രാവിലെയും വൈകിട്ടും ജോലി സമയത്തുള്ള ഈ തീവണ്ടികൾ പൂർണമായി റദ്ദ് ചെയ്യുന്നത് എറണാകുളത്ത് ജോലി ചെയ്യുന്ന സർക്കാർ സ്വകാര്യ ഐ ടി ജീവനക്കാരും എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ള രോഗികളും വ്യാപാരികളും അടക്കമുള്ള യാത്രക്കാരെ വലക്കും.


പ്രവൃത്തി ദിനമായ വ്യാഴാഴ്ച ഈ തീവണ്ടികൾ റദ്ദാക്കിയാൽ പിന്നെ 06:25നു കോട്ടയം എത്തുന്ന എറണാകുളം മെമു മാത്രമാകും എറണാകുളം ഭാഗത്തേക്ക് കോട്ടയം റൂട്ടിലുള്ള ഏക ട്രെയിൻ. ഇത്രയും തിരക്കേറിയ റൂട്ടിലെ മുഴുവൻ യാത്രക്കാരെയും ഉൾകൊള്ളാൻ ഈ മെമു സർവീസിന് സാധിക്കില്ല.




അതിനാൽ പകരം സംവിധാനം ഒരുക്കാതെ ഉള്ള റെയിൽവേയുടെ ഈ തീരുമാനം വലിയ യാത്രാക്ലേശത്തിന് കാരണമാകും. യാത്രബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ ട്രെയിനുകൾ എറണാകുളം വരെയും തിരിച്ചും സർവീസ് നടത്താവുന്നതാണ്.

ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ്സ് പൂർണമായും റദ്ദ് ചെയ്യാതെ എറണാകുളം ടൗൺ വരെ സർവീസ് നടത്തണമെന്നും അതിന് സാധിക്കുന്നില്ലെങ്കിൽ അന്നേ ദിവസം എറണാകുളം വരെ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസിന്, പാലരുവി എക്സ്പ്രെസ്സിനു സ്റ്റോപ്പ് ഉള്ള എന്നാൽ വേണാട്  എക്സ്പ്രസിന് സ്റ്റോപ്പ് ഇല്ലാത്തതുമായ  വൈക്കം റോഡ്,  കുറുപ്പന്തറ,  മുളന്തുരുത്തി റെയിൽവേ  സ്റ്റേഷനുകളിൽ  കൂടി  താത്കാലിക സ്റ്റോപ്പ് അനുവദിച്ചു യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്സ് ഫോറം റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ് എം ശർമക്ക് നിവേദനം സമർപ്പിച്ചു.

Reactions