കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റും മഴയും മഞ്ഞപ്രയുടെ പല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. വാഴ, കമുക്, ജാതി ഉൾപ്പെടെ ഒട്ടനവധി കാർഷിക വിളകൾക്ക് നാശനഷ്ടമുണ്ടായി.റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.
മഞ്ഞപ്ര ഒമ്പതാം വാർഡിൽ ഗവ.ഹൈസ്കൂളിന് സമീപം
ചെങ്ങനാട്ട് രാജീവിന്റെ പറമ്പിലെ കൂറ്റൻ പുളിമരമാണ് കടപുഴകി വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ മറിഞ്ഞ് റോഡിലേക്ക് വീണത്. ഗവ ഹൈസ്കൂൾ ആർ സി ചർച്ച് റോഡിലേക്കാണ് മരം വീണത്.
രാജീവിന്റെ മതിൽ ഉൾപ്പെടെ തകർന്നു. ആളപായമില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിയോടെയാണ് ശക്തമായ കാറ്റും മഴയും മഞ്ഞപ്രയിൽ ഉണ്ടായത്. പുളിമരം വൈദ്യൂതി ലൈനിന്റെ മുകളിലൂടെയാണ് റോഡിലേക്ക് വീണത്. എന്നാൽ ഇതിന്റെ ശിഖരങ്ങൾ എതിർ വശത്തെ വീടിന്റെ മതിലിലും മറ്റ് മരങ്ങളിലും കുത്തി നിന്നതിനാൽ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ല.
ഇത് വഴിയുള്ള ഗതാഗത തടസ്സം നീക്കുന്നതിനായി മരം കെ.എസ് ഇ ബി അധികൃതരും നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് മുറിച്ച് നീക്കി കാൽനട യാത്രക്കാർക്കും മറ്റും കടന്ന് പോകുന്നതിനായി സൗകര്യം ഉണ്ടാക്കി.
റോഡിന് കുറുകെ ഒരാൾ പൊക്കത്തിൽ പോസ്റ്റ് ഒടിഞ്ഞ് തൂങ്ങി കിടന്നത് വെള്ളിയാഴ്ച വൈകീട്ട് തന്നെ മുറിച്ച് മാറ്റാത്തത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. നടുഭാഗം വട്ടം മുറിഞ്ഞ പോസ്റ്റിന്റെ നേരിയ ഒരു ചെറിയ കമ്പി മാത്രമാണ് താങ്ങായി ഉണ്ടായിരുന്നത്. ഇത് നാട്ടുക്കാരിൽ ഏറെ ആശങ്കയ്ക്ക് ഇടയാക്കി.





