കണ്ണൂർ: സംസ്ഥാനത്തെ റെയിൽ പാളങ്ങൾ നവീകരിക്കുന്നു. തീവണ്ടികളുടെ വേഗം 130 കിലോമീറ്ററിൽ എത്തിക്കാനാണ് പാത നവീകരിക്കുന്നത്.
രാജ്യത്ത് നവീകരിക്കുന്ന 53 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിലാണ്. കേരളത്തിൽ തിരുവനന്തപുരം-കോഴിക്കോട് (400 കിലോമീറ്റർ), കണ്ണൂർ-കോഴിക്കോട് (89 കിലോമീറ്റർ) എന്നിവയാണ് നവീകരിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം-മധുര (301) റൂട്ടുമുണ്ട്.
മെഗാ റെയിൽ ബ്ലോക്ക് ഏർപ്പെടുത്തി വ്യാഴാഴ്ച ചാലക്കുടി പാലത്തിലെ ഗർഡറുകൾ മാറ്റിയത് ഇതിന്റെ ഭാഗമാണ്. പുതിയ സിഗ്നലിങ് സംവിധാനം, വളവ് നികത്തൽ, പാളം,പാലം അറ്റകുറ്റപ്പണി അടക്കം ഇവയിലുണ്ട്. 160 കി.മീ വേഗം കൂട്ടാനുള്ള എ കാറ്റഗറിയിൽ ഇന്ത്യയിൽ നാല് റൂട്ടുകളാണ് ഉള്ളത്. കേരളത്തിൽ ബി-കാറ്റഗറിയാണ് (130 കിലോമീറ്റർ വേഗം). വന്ദേഭാരത് കേരളത്തിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതിന്റെ സൂചന റെയിൽവേ മന്ത്രാലയം നൽകിയിരുന്നു.
കേരളത്തിലെ അടിസ്ഥാന വേഗമായ 100-110 കിലോമീറ്ററിൽ കുറവ് വരുന്ന സ്‌പോട്ടുകളെക്കുറിച്ച് റെയിൽവേ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ വേഗക്കുറവ് ഉള്ളത് ഷൊർണൂർ-എറണാകുളം സെക്ഷനിലാണ്. പുതിയ പാത ഉൾപ്പെടെ ഇവിടെ നിർമ്മിക്കണം. അതിന് മുൻപ് ലൂപ്പ് ലൈൻ നിർമ്മാണം ഉൾപ്പെടെ നിലവിൽ സാധ്യമായ വേഗം കൂട്ടൽ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്.





