Hot Posts

6/recent/ticker-posts

ദേ..വിഷു ഇങ്ങെത്തി; ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിയ്ക്കുന്നു





മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട, ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് വിഷു. നാളെ ( ഏപ്രിൽ 15)
യാണ് ഇത്തവണത്തെ വിഷു. അതുകൊണ്ടുതന്നെ വിഷു ​​ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ പുരോ​ഗമിയ്ക്കുകയാണ്. 



വിഷുവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടത് കണിയൊരുക്കലാണ്. കണ്ണനും കണിക്കൊന്നയും ഫലമൂലാദികളും ഒക്കെ ചേർത്താണ് കണിയൊരുക്കൽ.വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് സാധാരണ നിലയില്‍ കണിയൊരുക്കുക. കണിയൊരുക്കുന്നതിന് അതിന്‍റേതായ  രീതിയുമുണ്ട്. 



വിഷു കൈനീട്ടവും ഒട്ടും കുറയാതെ കിട്ടുമെന്നതും പലരുടെയും വലിയ സന്തോഷമാണ്. കാര്യകാരണങ്ങൾ വിശദീകരിച്ചാൽ മാത്രം പോക്കറ്റ് മണി തരുന്ന മാതാപിതാക്കളും മറ്റും വിഷുവിന് അറിഞ്ഞുതന്നെ കൈനീട്ടം കൊടുക്കാറുണ്ട്.




മലയാള വര്‍ഷം തുടങ്ങുന്ന ദിവസമാണ് വിഷു. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കപ്പെടുന്നത്. രാവണന്‍റെ മേല്‍ രാമന്‍ നേടിയ വിജയം, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസം എന്നിങ്ങനെ പോകുന്നു ഈ ഐതിഹ്യങ്ങള്‍. ഇത്തരം ഐതിഹ്യങ്ങള്‍ക്കെല്ലാം അപ്പുറം മലയാളികള്‍ക്ക് വിഷു വിളവെടുപ്പ് ഉത്സവമാണ്. ഓണം കഴിഞ്ഞാല്‍ പിന്നെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഉത്സവം.

മേടം ഒന്നിന് ഒരുക്കിവച്ച കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക് ഐശ്വര്യത്തോടെ പ്രവേശിക്കുകയാണ് ചെയ്യുന്നത്. വിളവെടുത്ത പച്ചക്കറികളും പഴങ്ങളും ഒപ്പം കണിക്കൊന്നയുമാണ് പ്രധാനമായും കണിക്കായി ഒരുക്കുക. ഒരു വര്‍ഷത്തേക്കുള്ള സമ്പല്‍ സമൃദ്ധിയെ ആഗ്രഹിക്കുന്ന സന്തോഷപ്രദമായ ദിവസമാണ് വിഷു. 

വൃത്തിയാക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും നിറച്ച് അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയുമെല്ലാം കണിയായി വയ്ക്കും. നാളികേരം, നാരങ്ങ, മാങ്ങ, ചക്ക തുടങ്ങിയ ഏത് ഫലവും ഇക്കൂട്ടത്തിൽ വയ്ക്കും. ഒപ്പം കണിക്കൊന്നയുടെ സ്വർണ ശോഭയും ഉണ്ണിക്കണ്ണനും ഒപ്പം കത്തിച്ചുവച്ച നിലവിളക്കുമാകുമ്പോൾ ഒരു ദൃശ്യവിരുന്ന് തന്നെയാകും വിഷുക്കണി.

 വളരെ മുൻപുതന്നെ പൂ‌ത്തുനിറഞ്ഞ കണിക്കൊന്നകൾ ഇപ്പോഴും അഴകിൽ തന്നെ വിഷുവിനെ കാത്ത് നിൽക്കുന്നുണ്ട്. കണി വെള്ളരി ഉൾപ്പെടെയുള്ളവ കട കമ്പോളങ്ങളിൽ നിരന്നുകഴി‍ഞ്ഞു. എല്ലാ ഒരുക്കങ്ങളോടും കൂടി വിഷുപ്പുലരിയ്ക്കായി കാത്തിരിക്കുകയാണ് നാട്. ഏവർക്കും നൻമയും സന്തോഷവും നിറഞ്ഞ വിഷു ആശംസിയ്ക്കുന്നു.

Reactions