Hot Posts

6/recent/ticker-posts

കോട്ടയത്ത് ഓട്ടോറിക്ഷ കെ സ്വിഫ്റ്റ് ബസിൽ ഉരസി; ബസ് ജീവനക്കാർ തല്ലിയെന്ന് ഓട്ടോ ഡ്രൈവർ




കോട്ടയം: കെ സ്വിഫ്റ്റ് ബസിന്റെ ജീവനക്കാരൻ തല്ലിയെന്ന പരാതിയുമായി ഓട്ടോ ഡ്രൈവർ രംഗത്ത്. കോട്ടയം ഏറ്റുമാനൂർ കാരിത്താസ് ജംക്‌ഷനിലാണ് സംഭവം. 


വാഹനം ഉരസിയതിനെ തുടർന്ന് ബസ് മുന്നിൽ ചവിട്ടി നിർത്തി. പുറത്തിറങ്ങി വന്ന ബസ് കണ്ടക്ടർ മർദ്ദിച്ചെന്നാണ് പരാതി. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഇമ്മാനുവലിനാണ് മർദ്ദനമേറ്റത്.


പരുക്കുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇമ്മാനുവലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. കെ സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷ ചെറുതായി ഉരസിയിരുന്നതായി ഇമ്മാനുവൽ പറയുന്നു. 




അവിടെത്തന്നെ വാഹനം നിർത്തി ഇരു കൂട്ടരും തമ്മിൽ സംസാരമുണ്ടായി. ഇതിനുശേഷം വാഹനമെടുത്ത് മുന്നോട്ടു പോയി. പിന്നീട് കെ സ്വിഫ്റ്റ് ബസ് പിന്നിലൂടെ വന്ന് മുന്നിൽക്കയറി തടസമുണ്ടാക്കി നിർത്തിയശേഷം ഇറങ്ങിവന്ന ജീവനക്കാർ മർദ്ദിക്കുകയായിരുന്നുവെന്ന് ഇമ്മാനുവൽ പറയുന്നു. ‌

അതേസമയം, ബസിൽ ഉരസിയ ശേഷം ഓട്ടോ നിർത്താതെ പോയ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇടപെടേണ്ടി വന്നതെന്നാണ് ബസ് ജീവനക്കാരുടെ ഭാഷ്യം. ഇടിച്ചിട്ട് നിർത്താതെ പോയതായി ജീവനക്കാർ പറയുന്നത് ദൃശ്യങ്ങളിലും വ്യക്തമാണ്.

Reactions