Hot Posts

6/recent/ticker-posts

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കുള്ള സമയം നീട്ടി സുപ്രീം കോടതി

പ്രതീകാത്മക ചിത്രം



നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി ജൂലൈ 31 വരെ സുപ്രീം കോടതി നീട്ടി. അതിനുമുമ്പ് വിചാരണ കഴിവതും പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി നിരീക്ഷിച്ചു.



കേസിലെ എട്ടാം പ്രതിയായ ദിലീപിനെ രണ്ട് ദിവസമാണ് പ്രോസിക്യുഷന്‍ ചീഫ് എക്സാമിനേഷന്‍ നടത്തിയത്. എന്നാല്‍ ഇരുപത്തിമൂന്നര ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണ്. ഇത് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം കൂടി വേണം എന്നാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ പുരോഗതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 


സാങ്കേതിക തടസങ്ങള്‍ ഉള്‍പ്പടെ കാരണമാണ് എതിര്‍ വിസ്താരം നീണ്ടു പോകുന്നത് എന്ന് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷക രഞ്ജീത റോത്തഗി ചൂണ്ടിക്കാട്ടി. ഇക്കാര്യം കൂടി പരിഗണിച്ചാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ ഉള്ള കാലാവധി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജൂലൈ 31 വരെ നീട്ടിയത്.




എല്ലാ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നത് എന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങളില്‍ വീണ്ടും പരിഗണിക്കുന്നതിന് ഹര്‍ജികള്‍ ഓഗസ്റ്റ് നാലിന് ലിസ്റ്റ് ചെയ്യാനും സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.

Reactions