കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് എ.ഐയുടെ ഗോഡ്ഫാദര്‍മാരില്‍ ഒരാള്‍ എന്നറിയപ്പെടുന്ന ജോഫ്രി ഹിന്റണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അടുത്തിടെയാണ് ജോഫ്രി ഗൂഗിളില്‍നിന്ന് രാജിവെച്ചത്. അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
1986-ല്‍ ഡേവിഡ് റുമെല്‍ഹാര്‍ട്ട്, റൊണാള്‍ഡ് വില്യംസ് എന്നിവരുമായി ചേര്‍ന്ന് ജോഫ്രി ഹിന്റണ്‍ എഴുതിയ 'ലേണിങ് റെപ്രസെന്റേഷന്‍സ് ബൈ ബാക്ക് പ്രൊപ്പഗേറ്റിങ് ഇറേഴ്‌സ്' എന്ന പ്രബന്ധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അടിസ്ഥാനമായ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളുടെ വികസനത്തിലെ ഒരു നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ പ്രചാരത്തിലുള്ള എ.ഐ. സംവിധാനങ്ങള്‍ക്ക് അടിസ്ഥാനമായത് ഹിന്റണിന്റെ കണ്ടെത്തലുകളാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി പ്രവര്‍ത്തിച്ച് തുടങ്ങിയവരില്‍ ഒരാള്‍ ആണെങ്കിലും എ.ഐയുടെ ഭീഷണികളെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന സാങ്കേതിക രംഗത്തെ പ്രമുഖരില്‍ ഒരാള്‍ ആണ് ഇന്ന് അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മനുഷ്യ ബുദ്ധിയെ മറികടക്കാനാകുമെന്നും ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തേക്കുമെന്നുമുള്ള ആശങ്കയാണ് ഹിന്റണ്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്.
'കാലാവസ്ഥാ വ്യതിയാനത്തെ വിലകുറച്ച് കാണിക്കുകയല്ല. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടരുതെന്ന് ഞാന്‍ പറയില്ല. അതും വലിയ ഭീഷണി തന്നെയാണ്. എന്നാല്‍, കൂടുതല്‍ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ട ഭീഷണിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.' അദ്ദേഹം പറയുന്നു.
'കാലാവസ്ഥാ വ്യതിയാനത്തെ കൈകാര്യം ചെയ്യാന്‍ എന്തെല്ലാം ചെയ്യണം എന്ന് നിര്‍ദേശിക്കുക എളുപ്പമാണ്. അതിന് കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാം. അങ്ങനെ ചെയ്താല്‍ ക്രമേണ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീഷണി കൈകാര്യം ചെയ്യാന്‍ എന്തുചെയ്യണമെന്ന് യാതൊരു വ്യക്തതയുമില്ല.'
ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി എന്ന ലാംഗ്വേജ് മോഡലിന്റെ വരവാണ് എഐ ഉയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ചയാകുന്നതിനിടയാക്കിയത്. മനുഷ്യസമാനമായി എഴുതാന്‍ കഴിവുള്ള ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ജനപ്രീതിയേറിക്കൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനവരാശിയ്ക്ക് ഭീഷണിയാണെന്നും എല്ലാ എഐ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് ഇലോണ്‍മസ്‌ക് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖര്‍ ഒരു തുറന്ന കത്തെഴുതിയിരുന്നു.
എന്നാല്‍, എ.ഐ. മാനവരാശിയ്ക്ക് ഭീഷണിയാകുമെന്നാണ് ജോഫ്രി ഹിന്റണിന്റെ ആശങ്കയെങ്കിലും എ.ഐ. ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കണം എന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. പകരം എ.ഐ. ഭീഷണികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.






