Hot Posts

6/recent/ticker-posts

താനൂർ ബോട്ട് ദുരന്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു




താനൂർ ബോട്ട് ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോർട്ട് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.



താനൂർ ബോട്ട് ദുരന്തത്തിൽ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ബന്ധപ്പെട്ട പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി. 


മാരിടൈം ബോർഡിന്റെ കീഴിലുള്ള പോർട്ട് ഓഫീസറാണ് വിശദീകരണം നൽകേണ്ടത്. നിലവിൽ മാരിടൈം ബോർഡിന്റെ അഴീക്കൽ പോർട്ട് ഓഫീസർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ആയിരിക്കും മാരിടൈം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിക്കുക.





അപകടത്തിൽ മരിച്ചവരിൽ ഒട്ടേറെ കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു അപകടത്തിനു നേരെ കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് തികച്ചും ഞെട്ടിക്കുന്ന അപകടമാണ്. എന്നാൽ, ഇത്തരമൊരു അപകടം കേരളത്തിൽ നടക്കുന്നത് ഇതാദ്യമല്ല. സമാനമായ നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.

എല്ലാത്തവണയും അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല. ഈ സംഭവത്തിന്റെ മൂലകാരണം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.


Reactions