Hot Posts

6/recent/ticker-posts

കുട്ടികളോട് ക്രൂര പീഡനം; പിതാവും ബന്ധുവും പിടിയില്‍

പ്രതീകാത്മക ചിത്രം


നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ മദ്യപിച്ചശേഷം അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍, കുട്ടികളുടെ ബന്ധുവിനെയും പിതാവിനെയും നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍, കുട്ടികളുടെ പിതാവിന്റെ സഹോദരീ ഭര്‍ത്താവ് കല്ലുകുഴിക്കിഴക്കേതില്‍ രഞ്ജിത്ത് (34), കുട്ടികളുടെ അച്ഛനായ കരുണാപുരം 50 ഏക്കര്‍ ബ്ലോക്ക് 442-ല്‍ ശരത്ത് (31) എന്നിവരെയാണ് അറസ്റ്റുചെയ്തത്.



ശരത്തും അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുട്ടികളും കുറച്ചുകാലമായി മുണ്ടിയെരുമയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. വീട്ടില്‍നിന്ന് രാത്രി ഏറെവൈകി കുട്ടികളുടെ കരച്ചില്‍ കേട്ടതിനെത്തുടര്‍ന്ന് അയല്‍വാസികളും ആശാവര്‍ക്കറും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ്, കുട്ടികള്‍ക്ക് ക്രൂരമര്‍ദനമേറ്റ പാടുകള്‍ ശരീരത്തില്‍ കണ്ടത്. 


കുട്ടികളുടെ അമ്മയ്ക്ക് ബുദ്ധിമാന്ദ്യമുണ്ട്. പെയിന്റിങ് തൊഴിലാളിയാണ് പിതാവ്. രാത്രി വൈകി മദ്യപിച്ച് കുട്ടികളുടെ പിതാവും ബന്ധുവും വീട്ടിലെത്തും. തുടര്‍ന്ന് മദ്യലഹരിയില്‍ പിതാവ് ബോധമില്ലാതെ കിടന്നുറങ്ങുമ്പോള്‍, ബന്ധുവാണ് കുട്ടികളെ ക്രൂരമര്‍ദനത്തിനിരയാക്കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.




കാപ്പിക്കമ്പും കയറും ഉപയോഗിച്ചാണ് സ്ഥിരമായി മര്‍ദനം. കൈപ്പത്തിക്കുമുകളിലും കമ്പുപയോഗിച്ച് അടിക്കാറുണ്ട്. ഉപ്പ് നിലത്ത് വിതറി ശിക്ഷയെന്നപേരില്‍ കുട്ടികളെ ഉപ്പിനുമുകളില്‍ മുട്ടുകുത്തിച്ച് നിര്‍ത്തുന്നതും പതിവായിരുന്നു. രണ്ട് കുട്ടികളുടെയും പുറത്തും കാലിലും തുടയിലും അടിയേറ്റ പാടുണ്ട്. അഞ്ചുവയസ്സുകാരിയുടെ ശരീരത്തില്‍ 10 മുറിവും ഏഴുവയസ്സുകാരിയുടെ ശരീരത്തില്‍ 14 മുറിവും ചതവുകളും കണ്ടെത്തി.


ആശാവര്‍ക്കറും നാട്ടുകാരുംചേര്‍ന്ന് പട്ടംകോളനി മെഡിക്കല്‍ ഓഫീസര്‍ വി.കെപ്രശാന്തിനെ വിവരമറിയിച്ചിരുന്നു. പ്രശാന്തും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍, രണ്ടാഴ്ചയായി കുട്ടികള്‍ക്ക് മര്‍ദനമേറ്റിരുന്നതായി കണ്ടെത്തി. നെടുണ്ടം സി.ഐ. ബി.എസ്.ബിനു, എസ്.ഐ. കെ.ടി.ജയകൃഷ്ണന്‍, എ.എസ്.ഐ. ബിന്ദു, സി.പി.ഒ. ജയന്‍, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Reactions