ചെന്നൈ: തമിഴ്‌നാട്ടില്‍ ചൂടുരസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരന്‍ മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. കോളേജ് വിദ്യാര്‍ഥിയായിരുന്ന യുവാവ് ഒരു കാറ്ററിങ് സ്ഥാപനത്തില്‍ പാര്‍ട്ട് ടൈമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കഴിഞ്ഞയാഴ്ച ഒരു വിവാഹച്ചടങ്ങില്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. അതിഥികള്‍ക്ക് വിളമ്പാന്‍ തയ്യാറാക്കിയ തിളച്ച രസത്തിന്റെ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തില്‍ വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതിന് പിന്നാലെ ഞായറാഴ്ച മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിയതായും പോലീസ് വ്യക്തമാക്കി.





