Hot Posts

6/recent/ticker-posts

കുഞ്ഞരിപ്പല്ല് വരുമ്പോൾ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം




കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും അച്ഛനമ്മമാര്‍ വളരെ അത്ഭുതത്തോടെയാണ് കാണുന്നത്. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും വളരെയധികം സന്തോഷത്തോടെ കാണുന്നവരാണ് മാതാപിതാക്കള്‍. 


പ്രസവശേഷം ഓരോ മാസവും ഓരോ ദിവസവും ഓരോ മണിക്കൂറിലും കുഞ്ഞിനുണ്ടാവുന്ന മാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശാരീരികമായി കുഞ്ഞിന് നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ആദ്യത്തെ പല്ല് മുളക്കുന്നത്. പല്ല് വരുന്നതിന് മുന്നോടിയായി ചില ലക്ഷണങ്ങൾ കാണിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.



മോണയില്‍ ചുവപ്പ് നിറം

പലപ്പോഴും കുഞ്ഞിന്റെ മോണയില്‍ ചുവപ്പ് നിറം പോലെ കാണപ്പെടുന്നെങ്കില്‍ അത് പല്ല് വരുന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. ഇത് കൂടാതെ കുഞ്ഞിന് ഈ സ്ഥലത്തെല്ലാം അസ്വസ്ഥയും ചൊറിച്ചിലും അനുഭവപ്പെടുന്നു കൂടാതെ ധാരാളം ഉമിനീര് പുറത്തേക്ക് വരുന്നതും പല്ല് വരുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്.

ഉറക്കം കുറയുന്നു

പല്ല് വരുന്ന സമയം കുഞ്ഞിന്റെ ഉറക്കം കുറയാറുണ്ട്. ഇത് പലപ്പോഴും പല്ലിന്റെ വരവിലുണ്ടാവുന്ന അസ്വസ്ഥതയെ ആണ് സൂചിപ്പിക്കുന്നത്. പലപ്പോഴും പല്ലിന്റെ ചലനം രാത്രിയില്‍ ആയിരിക്കും കൂടുതല്‍ സജീവമാവുന്നത്. 




വിശപ്പ് കുറയുന്നത്

കുഞ്ഞിന്റെ വിശപ്പ് കുറയുന്നതും പല്ല് വരുന്നതിന്റെ മുന്നോടിയായും സംഭവിക്കാറുണ്ട്. പലപ്പോഴും മുലപ്പാല്‍ കുടിക്കുന്നത് കുഞ്ഞ് സ്വാഭാവികമായും കുറച്ച് സമയത്തേക്ക് കുറക്കുന്നു.  മോണവേദനയായിരിക്കും കുഞ്ഞിനെ ഭക്ഷണത്തില്‍ നിന്ന് വിട്ടു നിര്‍ത്തുന്നത്.

കരച്ചില്‍ കൂടുതല്‍

പലപ്പോഴും എന്തെങ്കിലും അസുഖങ്ങളോ അസ്വസ്ഥതകളോ ആണ് കുഞ്ഞിനെ കരയിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കുഞ്ഞിന്റെ പല്ല് വരുന്ന അസ്വസ്ഥതയും വേദനയും കൂടി കണക്കിലെടുക്കേണ്ടതാണ്. കാരണം ചില കുട്ടികളില്‍ ഇത് വളരെയധികം അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. കരച്ചില്‍ കൂടുതലാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

കടിക്കാനുള്ള പ്രവണത

ചില കുട്ടികള്‍ കടിക്കുന്നത് അല്‍പം കൂടുതലായിരിക്കും ഈ സമയം. പ്രത്യേകിച്ച് പാല്‍ കുടിക്കുമ്പോള്‍ കുട്ടികള്‍ കടിക്കുന്നു. ഇതെല്ലാം കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥത ശമിപ്പിക്കുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്. പുതിയ പല്ല് വരുമ്പോള്‍ മോണയിലുണ്ടാവുന്ന വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കുഞ്ഞുങ്ങള്‍ കടിക്കുന്നത്. 

പനി

ചില കുട്ടികളില്‍ പല്ല് വരുന്നത് പലപ്പോഴും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കും. എന്നാല്‍ 101 ഡിഗ്രിയില്‍ കൂടുതലാണ് പനി എന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. ചില കുട്ടികളില്‍ വയറിളക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവാം.

Reactions