Hot Posts

6/recent/ticker-posts

ഉദ്ഘാടന മാമാങ്കം.. വന്‍ പ്രചാരണം... നിര്‍മ്മാണം നടക്കുന്നു.. റോഡില്‍ ബ്ലോക്ക്.. കലുങ്കുകള്‍ അടഞ്ഞുതന്നെ..




ഈരാറ്റുപേട്ട വാ​ഗമൺ റോഡ് ഔപചാരികമായി നാടിന് സമർപ്പിച്ചെങ്കിലും ഓട നിർമാണവും സൈഡ് കോൺക്രീറ്റിം​ഗും ഉൾപ്പെടെയുള്ള ജോലികൾ ഇപ്പോഴും നടന്നുവരുന്നതേയുള്ളു. എന്നാൽ  കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും സമൂഹമാധ്യമങ്ങളിലടക്കം വലിയ പബ്ലിസിറ്റി  കൊടുക്കുകയും ചെയ്തതോടെ പലഭാ​ഗങ്ങളിൽ നിന്നുമായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. 




എന്നാൽ റോഡിന്റെ പ്രധാന ഭാ​ഗമായ തീക്കോയി ടൗണിൽ ഉൾപ്പെടെ പലയിടങ്ങളിലും റോഡ് നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കിയിട്ടില്ല. വാഹനങ്ങൾ വഴിയിൽ നിറുത്തിയിട്ടാണ് കുറേ കാലങ്ങളായി തന്നെ പണികൾ നടത്തുന്നതും.






അതുകൊണ്ട് തന്നെ ബസ് ഉൾപ്പെടെയുള്ള വാ​ഹനങ്ങൾ ​വരുമ്പോൾ ഇവിടെ പലപ്പോഴും വലിയ ​ഗതാ​ഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. സ്കൂളുകൾ കൂടി തുറന്ന സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ വൈകി എത്തിച്ചേരുന്നതിന് ഇത് കാരണമാകുന്നുണ്ട്. പണി മുഴുവൻ പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുകയും അതിന് ശേഷവും പണികൾ തുടരുകയും ചെയ്യുന്നത് വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ വാഗമണിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകി എത്തിയതോടെ മിക്ക സമയവും വലിയ ഗതാഗത കുരുക്കാണ് അനുഭവപെട്ടത്.






2022 ഫെബ്രുവരി മാസം 25 ാം തിയതിയാണ് ഈരാറ്റുപേട്ട നടക്കലിൽ നിർമ്മാണം ഉദ്ഘാടനം നടത്തിയത്. എന്നാൽ 15 മാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കാതെയാണ്  ജൂൺ ഏഴിന് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിർവഹിച്ചത്. 





റോഡിന്റെ സൈഡ് കോൺക്രീറ്റിംഗ്, അടഞ്ഞുകിടക്കുന്ന ഏഴോളം കലുങ്കുകൾ തെളിയ്ക്കൽ, വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ എന്നിവയൊന്നും പൂർത്തിയാക്കിയിട്ടില്ല. മാത്രമല്ല, തീക്കോയി മുതൽ വാഗമൺ വരെ റോഡിന് ആവശ്യമായ വീതിയില്ലാത്തതുകൊണ്ട് ഇപ്പോൾ അപകടങ്ങൾ നിത്യ സംഭവമാണ്.




ആദ്യഘട്ടമായി പണി പൂർത്തീയാക്കേണ്ട ഈരാറ്റുപേട്ട മുതൽ  തീക്കോയി വരെയുള്ള ഭാ​ഗങ്ങളിൽ പോലും സൈഡ് കോൺക്രീറ്റിംഗ് നടത്താതെയാണ് കഴിഞ്ഞയാഴ്ച ഉദ്ഘാടനം നടത്തിയത്. ഇവിടങ്ങളിലും ഇപ്പോഴും നടക്കുന്ന കോൺ​ക്രീറ്റിം​ഗ് ജോലികളാണ് ഇപ്പോൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. സൈഡ് കോൺക്രീറ്റിംഗ് പൂർത്തിയാകാത്തതു കൊണ്ട് രണ്ടു വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുവാൻ സാധിക്കുന്നില്ല.

ഉദ്ഘാടനത്തിന് മുൻപ് തന്നെ ഇതേ ആരോപണങ്ങളുമായി തീക്കോയി യുഡിഎഫ് മണ്ഡലം കമ്മിറ്റിയും രംഗത്തെ
ത്തിയിരുന്നു.

Reactions