കോട്ടയം: ചിങ്ങവനത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൂലംകുളം സ്വദേശി കെ.എ ജേക്കബാണ് കഴിഞ്ഞ ദിവസം ചിങ്ങവനം ജംക്‌ഷനിൽ കെഎസ്ആർടിസി ബസിടിച്ചു മരിച്ചത്.
നാലു റോഡുകൾ ചേരുന്ന ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകളോ മുന്നറിയിപ്പു ബോർഡുകളോ ഇല്ലാത്തത് അപകടം തുടർക്കഥയാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പരുത്തുംപാറയിൽ നിന്ന് ഇറക്കം ഇറങ്ങി എംസി റോഡ് മറികടന്ന് മാർക്കറ്റ് റോഡിലേക്ക് പോയ സ്കൂട്ടറാണ് അപകടത്തിൽപെട്ടത്.
എംസി റോഡിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ബസ് വരുന്നത് സ്കൂട്ടർ യാത്രികൻ കണ്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
∙ പ്രധാന റോഡുകൾ മുറിച്ചു കടക്കും മുമ്പ് വാഹനം നിർത്തി ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക.
∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.







