Hot Posts

6/recent/ticker-posts

പുനർ നിർമാണം കാത്ത് മൂന്നിലവ് കടവുപുഴ പാലം; തകർന്നിട്ട് 2 വർഷം




തകർന്നിട്ട്  രണ്ട് വർഷം തികയുമ്പോഴും പുനർനിർമ്മാണത്തിന് നടപടിയാകാതെ മൂന്നിലവ് കടവുപുഴ പാലം. രണ്ട് വർഷം മുൻപ് ശക്തമായ മഴയിലാണ് പാലം തകർന്ന് സഞ്ചാരയോ​ഗ്യമല്ലാതായത്. 


കോട്ടയം ജില്ലയിലെ മൂന്നിലവിനടുത്ത് 600 ഓളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കടവ് പുഴ പാലമാണ് തകർന്ന് 2 വർഷം ആയിട്ടും നന്നാക്കാതെ കിടക്കുന്നത്. പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പലവിധത്തിലുള്ള പ്രതിഷേധ നടപടികൾ ഉണ്ടായിരുന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.


മൂന്നിലവ് പഞ്ചായത്തിലെ നാല് വാർഡുകളിലായി വരുന്ന 600 ലധികം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ഈ പാലം ആയിരുന്നു. മലവെള്ളപ്പാച്ചിലിൽ പാലം തകർന്നതോടെ ഇവിടുത്തുകാരുടെ ദുരിതവും തുടങ്ങി. 6 കിലോമീറ്റർ സഞ്ചരിച്ച് ടൗണിൽ എത്തിയിരുന്നവർക്ക് ഇപ്പോൾ 25 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ടൗണിലെത്താൻ സാധിക്കൂ.


സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് തീരാദുരിതമായി പാലത്തിന്റെ ദുരവസ്ഥ ഇന്നും തുടരുകയാണ് എന്നത് അധികാരികളുടെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണ്. എന്ത് കാരണത്താലായാലും ജനങ്ങളെ ഇത്തരത്തിൽ ബു​ദ്ധിമുട്ടിലാക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല.

പാലം ഈ നിലയിലായതോടെ ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽകല്ല് പോലുള്ള പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര റോഡും ഇതോടെ ഉപയോഗിക്കാൻ കഴിയാതായി. ഇതിനിടയിൽ സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും മൂന്നു കോടി രൂപ അനുവദിച്ചിരുന്നതായി അറിയിച്ചെങ്കിലും ഇതിൽ നടപടി  ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്.  

Reactions