Hot Posts

6/recent/ticker-posts

'62-ാം വയസ്സിലും കൈ കരുത്തിന്റെ ചാമ്പ്യൻ'; പോൾ ദാസ് കിഴക്കേപ്പള്ളി വിസാറ്റ് കോളേജിൻ്റെ അഭിമാനം

ഇലഞ്ഞി: തൃശൂരിൽ കഴിഞ്ഞ മെയ് 24 ഞായറാഴ്ച നടന്ന കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 70 കിലോ വിഭാഗത്തിൽ ചാമ്പ്യൻ പട്ടം നേടിയ വിസാറ്റ് കോളേജ് ബോയ്സ് ഹോസ്റ്റൽ വാർഡൻ പോൾ ദാസ് കിഴക്കേപ്പള്ളിയെ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ വച്ചു നടന്ന സ്വീകരണ ചടങ്ങിൽ അനുമോദിച്ചു.

ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വിസാറ്റ് ഗ്രൂപ്പ് ഡയറക്ടർ ഡോ.സന്തോഷ് സൈമൺ, പി.ആർ.ഒ ഷാജി അഗസ്റ്റിൻ ആറ്റുപുറം, ഓപ്പറേഷൻസ് മാനേജർ ഫാ.മോഹൻ ജോസഫ്, വിസാറ്റ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.ലാലി ആന്റണി, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
62-ാം വയസ്സിലും മികച്ച ശാരീരിക ക്ഷമതയും ആത്മവിശ്വാസവും പുലർത്തി സംസ്ഥാന ചാമ്പ്യൻ പട്ടം നേടിയത് യുവജനങ്ങൾക്കും ആരോഗ്യസംരക്ഷണത്തിൽ താൽപര്യമുള്ളവർക്കും വലിയ പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

2018-ൽ ചൈനയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ലോക റാങ്കിങ്ങിൽ മികച്ച പത്ത് പഞ്ചഗുസ്തി താരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പോൾ ദാസ്, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ വ്യക്തിയാണ്.
മറുപടി പ്രസംഗം നടത്തിയ പോൾ ദാസ് തന്റെ എല്ലാ വിജയങ്ങൾക്കും കാരണം ദൈവ കൃപയാണെന്നു വിനയപൂർവം അറിയിച്ചു. തന്നെ ആദരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിച്ച വിസാറ്റ് മാനേജ്മെന്റിനും ഇലഞ്ഞി ഗ്രാമപഞ്ചായത്തിനും പോൾ ദാസ് നന്ദി രേഖപ്പെടുത്തി.
Reactions