പാലാ: കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിന് 3ഉം, കെ.ഡി പി യ്ക്ക് ഒന്നും, സ്വതന്ത്ര കൂട്ടായ്മയ്ക്ക് 3ഉം, കോൺഗ്രസ്സിന് 6-ഉം കൗൺസിലർമാരാണ് പാലാ നഗരസഭാ യു.ഡി.എഫ് ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. "ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി ..." എന്ന സന്ദേശം ടീം യു.ഡി.എഫ് വാട്സപ്പ് ഗ്രൂപ്പിൽ ചെയർപേഴ്സൺ ദിയ ബിനു അയച്ച ശേഷമാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ ഗ്രൂപ്പിൽ നിന്നും ലെഫ്ടായത്.
പാലായിലെ നഗരസഭാ ഭരണം യുഡിഎഫി ന് ലഭിക്കുന്നതിനുവേണ്ടി മുന്നണി സംവിധാനത്തിനു രൂപം കൊടുത്തത് മുഖ്യമന്ത്രി വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ഫ്രാൻസിസ് ജോർജ്ജ് എംപി, മാണി സി കാപ്പൻ എം എൽ എ, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ഫിൽസൺ മാത്യൂസ്, കുര്യാക്കോസ് പടവൻ എന്നിവർ മുൻകൈ എടുത്താണ്. അതിനാൽ തന്നെ, ഇവരെ നേരിൽകണ്ട് കാര്യങ്ങൾ കൃത്യമായി സംസാരിച്ചു ബോധ്യപ്പെടുത്തിയതിന് ശേഷം ഭാവികാര്യങ്ങളിലേക്ക് കടക്കാനാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളുടെ നീക്കം എന്നാണ് സൂചന.
കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസിന്റെ ചട്ടവിരുദ്ധമായ പ്രവർത്തനവും കോൺഗ്രസ് പ്രാദേശിക നേതൃത്വം വിവേകത്തോടെയല്ലാതെ പ്രശ്നം കൈകാര്യം ചെയ്തതും അധികാരത്തിലേറി ആറുമാസത്തിനുള്ളിൽ തന്നെ പാലാ നഗരസഭ യുഡിഎഫിന് നഷ്ടമാകുമെന്ന അവസ്ഥ സംജാതമാക്കിയിരിക്കുന്നു. മുനിസിപ്പൽ സെക്രട്ടറി കസ്റ്റോഡിയനായിരിക്കുന്ന കൊട്ടാരമറ്റം ബസ് ടെർമിനലിന്റെ പാർക്കിംഗ് ഏരിയ ഓട്ടോറിക്ഷ സ്റ്റാൻഡ് ആക്കാൻ നിർദ്ദേശം നൽകിയ ബിജു മാത്യൂസിന്റെ നടപടി നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും അതിനെ പിന്താങ്ങിയത് കോൺഗ്രസിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകുകയും ദിവസങ്ങൾക്ക് ശേഷം ഇന്ന് അതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ഔദ്യോഗിക പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസം മുൻപേ യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ പങ്കെടുത്ത യുഡിഎഫ് യോഗത്തിൽ ഇങ്ങനെ ഒരു കയ്യേറ്റം ഉണ്ടായിട്ടില്ല എന്നും കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ് നിയമവിരുദ്ധമാണ് എന്നും ഔദ്യോഗികമായി പ്രസ്താവനയിറക്കിയിട്ടുണ്ടായിരുന്നു. ഇതോടെ യുഡിഎഫിലെ പടലപിണക്കം മറനീക്കി പുറത്തുവന്നു.
കൗൺസിലർ ബിജു മാത്യൂസ് തന്നെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ മൂന്ന് പോലീസുകാർക്കൊപ്പം ചെയർപേഴ്സൺ ഇല്ലാതിരുന്ന സമയത്ത് ചെയർപേഴ്സന്റെയും നഗരസഭയുടെ കസ്റ്റോഡിയനായ നഗരസഭാ സെക്രട്ടറിയുടെയും അനുമതി കൂടാതെ ചെയർപേഴ്സൻ്റെ ചേമ്പറിൽ അതിക്രമിച്ചു കയറിയെന്നും എത്ര വലിയ കേസന്വേഷണത്തിനായാലും ചെയർപേഴ്സൻ്റെയോ നഗരസഭാ സെക്രട്ടറിയുടെയോ അനുമതി കൂടാതെ നഗരസഭാ ചെയർപേഴ്സൻ്റെ ചേമ്പറില്‍ പോലീസ് പ്രവേശിക്കാൻ പാടുള്ളതല്ലെന്നും സുപ്രധാനമായ ഫയലും വിലയേറിയ തൻ്റെ ചില പേഴ്സണൽ വസ്തുക്കളും മോഷണം പോയെന്നും ചെയർപേഴ്സൺ പാലാ ഡിവൈഎസ്പിക്ക് ഔദ്യോഗികമായി പരാതി നൽകി. ഇതോടെ ജോസഫ് ഗ്രൂപ്പിനൊപ്പം സ്വതന്ത്ര കൂട്ടായ്മയുമായും കോൺഗ്രസിനുള്ള അകൽച്ച പൂർണമായി കഴിഞ്ഞു.

