തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും ആണുള്ളത്. സംസ്ഥാനത്ത് നാലു പുതിയ ഹോട്സ്പോട്ടുകൾ കൂടി ചേർത്തു. എറണാകുളം ജില്ലയിൽ രണ്ടും (മഞ്ഞള്ളൂർ, എടയ്ക്കാട്ടുവയൽ), വയനാട് (മാനന്തവാടി), ഇടുക്കി (ശാന്തൻപാറ) ജില്ലകളിൽ ഓരോന്നു വീതവുമാണ് ഹോട്സ്പോട്ടുകൾ. സംസ്ഥാനത്താകെ 84 ഹോട്സ്പോട്ടുകളുണ്ട്. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരും.
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച റെയിൽവേ ഉദ്യോഗസ്ഥന്റെ പ്രൈമറി കോൺടാക്ടുകൾ ഈ രണ്ടു സ്ഥലങ്ങളിലുമുള്ളതിനാലാണ് എറണാകുളത്തു രണ്ടു ഹോട്സ്പോട്ടുകൾ വന്നതെന്നു മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. എറണാകുളം ജില്ല ഗ്രീൻ സോണിൽ നിന്ന് വീണ്ടും പുറത്തായേക്കാം. ഇവിടെ രണ്ടിടത്തും നിലനിന്നിരുന്ന ഇളവുകൾ പിൻവലിച്ചിട്ടുണ്ട്. കടകൾ അടപ്പിക്കുകയും ചെയ്തു.
