4,000 കോടിയിലധികം നഷ്ടമുണ്ടായതായും അടുത്ത മാസങ്ങളിൽ 15,000 കോടി രൂപ വരെ നഷ്ടം നേരിടാൻ സാധ്യതയുണ്ടെന്നും പത്ര വ്യവസായത്തിന് ശക്തമായ ഉത്തേജക പാക്കേജ് നൽകണമെന്നും ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐഎൻഎസ്) സർക്കാരിനോട് ആവശ്യപ്പെട്ടു.
" കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൻ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബാധ്യതപ്പെട്ടത് പത്രവ്യവസായമാണ്. പരസ്യത്തിൽ നിന്നോ പത്രത്തിന്റെ പ്രചാരണത്തിൽ നിന്നോ വരുമാനം ലഭിക്കാതായി",ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറിക്ക് അയച്ച കത്തിൽ INS പറഞ്ഞു. ന്യൂസ്പ്രിന്റിന്റെ അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പിൻവലിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനകം ഉണ്ടായ നഷ്ടം പത്രവ്യവസായത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഏർപ്പെട്ടിരിക്കുന്ന 30 ലക്ഷത്തോളം തൊഴിലാളികളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളവും അവരുടെ വെണ്ടർമാർക്കുള്ള പേയ്‌മെന്റുകളും ഇപ്പോൾ കഷ്ടത്തിലാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
"ന്യൂസ്പ്രിന്റിന്റെ അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രസിദ്ധീകരിക്കുന്നതിനായുള്ള ചിലവിന്റെ 40-60% ചിലവ് ന്യൂസ് പ്രിന്റ് ചെയ്യുന്നതിനാണ്. ന്യൂസ്പ്രിന്റിന്റെ കസ്റ്റംസ് തീരുവ നീക്കംചെയ്യുന്നതുമൂലം 'മെയ്ക്ക് ഇൻ ഇന്ത്യ' ശ്രമങ്ങളെ സാരമായി ബാധിക്കില്ല.", അവർ പറഞ്ഞു.
പത്ര സ്ഥാപനങ്ങൾക്ക് രണ്ട് വർഷത്തെ നികുതി അവധി നൽകണമെന്നും ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആന്റ് കമ്മ്യൂണിക്കേഷന്റെ പരസ്യനിരക്കിൽ 50 ശതമാനം വർധനവും അച്ചടി മാധ്യമങ്ങൾക്കായി ബജറ്റ് ചെലവിൽ 100 ശതമാനം വർധനവും നൽകണമെന്ന് INS സർക്കാരിനോട് ആവശ്യപ്പെട്ടു. BOC (Directorate of Advertising and Visual Publicity) ൽ നിന്നും സംസ്ഥാന സർക്കാരുകളിൽ നിന്നും കുടിശ്ശികയുള്ള പരസ്യബില്ലുകളുടെ പണമടയ്ക്കൽ ഉടൻ തീർപ്പാക്കണമെന്നും കത്തിൽ പറയുന്നു.