തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവർക്കാണു രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവാവിനാണു (23) കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിൽസയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേർക്കാണ് രോഗം വന്നത്. ഇപ്പോൾ 17 പേർ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
