Hot Posts

6/recent/ticker-posts

അസമിൽ വാതകച്ചോർച്ച തുടങ്ങി 14-)o ദിവസം എണ്ണക്കിണറിൽ തീപിടിച്ചു


ഗുവഹാത്തി : അസമിലെ ദിബ്രു സൈഖോവ ദേശീയ പാർക്കിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണക്കിണറിൽ തീപിടുത്തം. കിണറിൽ നിന്നും പ്രകൃതി വാതകച്ചോർച്ച ഉണ്ടായി 14-)o ദിവസമാണ് തീപിടുത്തം ഉണ്ടായത്. എങ്ങനെ സംഭവിച്ചു എന്നറിയില്ലെന്ന് കമ്പനി വക്താവ് ത്രിദീവ് ഹസാരിക പറഞ്ഞു.

കിണറിന് സമീപം ശുചീകരണം നടക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായതെന്ന് ഓയിൽ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. തീ വ്യാപിക്കുന്നത് തടയാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നതിനിടയിൽ ഒരു സേനാംഗത്തിന് പരിക്കേറ്റു.

മെയ് 27 മുതലാണ് തിൻസുകിയ ജില്ലയിലെ ബാഗ്ജൻ 5 കിണറ്റിൽ നിന്നും പൊട്ടിത്തെറിയെ തുടർന്ന് വാതക ചോർച്ച തുടങ്ങിയത്. കിണറിൽ ജോലി നടന്നുകൊണ്ടിരിക്കെയാണ് സംഭവം.



ഇതേ തുടർന്ന് പ്രദേശത്തെ മൂവായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. ഒരു പറക്കും അണ്ണാനും തൊട്ടടുത്ത തണ്ണീർത്തടമായ മഗുരി-മൊട്ടപങിലെ ഒരു ഡോൾഫിനും പലതരം മീനുകളും ചത്തു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ എണ്ണ പടർന്നിട്ടുണ്ട്.

വലിയ തീപിടുത്തം ആണെങ്കിലും കിണറിന്റെ പ്ലിന്ത് ഏരിയയിലല്ലെന്ന് ജില്ലാ കളക്ടർ ഭാസ്‌കർ പെഗു പറഞ്ഞു. കിണറിന് ചുറ്റുമുള്ള ജലാശയത്തിലേക്ക് തീ പടർന്നിട്ടില്ലെന്നും 24 മണിക്കൂറിനുള്ളിൽ നിയന്ത്രിക്കാൻ ആകുമെന്നും സിംഗപ്പൂരിൽ നിന്നുള്ള സംഘം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സമീപത്തെ വീടുകൾക്ക് തീപിടിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും അധികൃതർ നിഷേധിച്ചു.
Reactions