തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലായ് പത്തിനകം പ്രഖ്യാപിക്കും.
ഉത്തരക്കടലാസ് മൂല്യനിര്‍ണയം കഴിഞ്ഞദിവസം പൂര്‍ത്തിയായിയായിരുന്നു. ബുധനാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ല്‍ ഒന്നൊഴികെയുള്ള ക്യാമ്പുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി അവസാനിപ്പിച്ചിരുന്നു. ശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ ക്യാമ്പാണ് തിങ്കളാഴ്ച പൂര്‍ത്തിയായത്.
കോവിഡ് കാരണം വൈകി നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കിയത്. ഈ മൂന്ന് വിഷയങ്ങള്‍ക്കുമായി എല്ലാ ജില്ലകളിലും മൂല്യനിര്‍ണയ ക്യാമ്പ് ഒരുക്കിയിരുന്നു. അധ്യാപകര്‍ കുറവുള്ള ക്യാമ്പുകളില്‍ ആവശ്യമായവരെ നിയമിക്കാന്‍ ഡി.ഇ.ഒമാര്‍ക്ക് ചുമതല നല്‍കിയിരുന്നു.
അധ്യാപകര്‍ സമയബന്ധിതമായി മൂല്യനിര്‍ണയത്തില്‍ സഹകരിച്ചതോടെയാണ് നിശ്ചയിച്ചതിലും നേരത്തേ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനായത്. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയവും അവസാനഘട്ടത്തിലാണ്. ജൂലൈ ആദ്യത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.
