തൃശൂര്‍: അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ഇപ്പോഴത്തെ സാഹചര്യം അപ്രതീക്ഷിതമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം ഗൗരവമായി കാണുന്നുവെന്നും ജില്ലയിലെ കോവിഡ് അവലോകന യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ല. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കോവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ പത്ത് കണ്ടെയ്മെന്റ് സോണുകളുണ്ട്. 919 പേരെ ഇന്നു നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാസ്‌ക് ശരിയായി ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ക്വാറന്റൈന്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ടി.എന്‍. പ്രതാപന്‍ എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കു രോഗം ബാധിച്ച സാഹചര്യത്തില്‍ ജില്ല കനത്ത ജാഗ്രതയിലാണ്.
