കൊച്ചി : സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. KSRTC ബസുകൾക്കും അധിക നിരക്ക് ഈടാക്കാം.
ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ഈ അധിക നിരക്ക് തുടരാം. അതേ സമയം സാമൂഹിക അകലം ഉറപ്പാക്കി കൊണ്ട് വേണം യാത്രക്കാരെ കൊണ്ടുപോകാൻ നിരക്കുവർധന സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തുന്നത് കടുത്ത സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ആണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽ നിന്ന് അനുകൂല സാഹചര്യം നേടിയതോടെ സംസ്ഥാനത്തെ ബസ് ടിക്കറ്റ് നിരക്ക് വർധിക്കും.
കൊവിഡിനെ തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. 5 കിലോ മീറ്റർ വരെ മിനിമം ചാർജ് 8 രൂപയായിരുന്നത് 12 രൂപയാകും. തുടർന്നുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ പത്ത് പൈസ വീതം വർധിക്കും. നിലവിൽ 70 പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വർധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം
