ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളേജിലെ പരീക്ഷ നടത്തിപ്പിനിടെ ഹാള്‍ടിക്കറ്റ് ദുരുപയോഗത്തെ തുടര്‍ന്നുണ്ടായ കോളേജധികാരികളുടെ നടപടിക്രമം നീതിപൂര്‍വ്വകമെന്നും ഇക്കാര്യത്തില്‍ കോളേജിനെ കുറ്റപ്പെടുത്താനാകില്ലെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സെക്രട്ടറിയും സൈക്കോളജിക്കല്‍ കൗണ്‍സിലറും കൂടിയായ പ്രസാദ് കുരുവിള.
തെറ്റ് പറ്റിയതാണെങ്കില്‍ മാനസിക സംഘര്‍ഷമുണ്ടാകം. ഈ മാനസിക സംഘര്‍ഷം ഓരോരുത്തരിലും ഓരോ വിധമാകാം. ഈ അവസ്ഥയാകാം ജീവിതമുപേക്ഷിക്കാന്‍ കാരണമാകുന്നത്.
ഹാള്‍ ടിക്കറ്റില്‍ കോളേജധികാരികള്‍ കോപ്പി എഴുതി ചേര്‍ത്തു എന്നുപറയുന്നത് ബാലിശമാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് മറ്റൊരു കോളേജില്‍ നിന്നും വന്ന ഒരു മുന്‍പരിചയവും ഇല്ലാത്ത കുട്ടിയെ കോപ്പിയുടെ പേരില്‍ നടപടിക്ക് വിധേയമാക്കിയത്. ഹാള്‍ ടിക്കറ്റിലെ കൈയ്യക്ഷരം കുട്ടിയുടേതല്ലെന്ന പേര് പറഞ്ഞ് ഇക്കാര്യം കോളേജധികാരികളുടെ തലയില്‍ വയ്ക്കുന്നത് ശരിയല്ല.
കുട്ടികള്‍ക്കിടയില്‍ നോട്ടുകളും, അസൈന്‍മെന്റുകളും പരസ്പരം മാറി എഴുതികൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്. അങ്ങനെയെങ്കില്‍ ഒരുപക്ഷേ കൈയ്യക്ഷരം സുഹൃത്തുക്കളുടേതുമാകാം. എന്നിരുന്നാലും സ്വന്തം ഹാള്‍ടിക്കറ്റില്‍ പരീക്ഷാ സമയത്ത് കോപ്പിയടി കണ്ടുപിടിക്കപ്പെട്ടാല്‍ നിയമപരമായ നടപടി ഉണ്ടാവില്ലേ. പരീക്ഷാകേന്ദ്രങ്ങളില്‍ അടിയന്തിരമായി സര്‍വ്വകലാശാലകള്‍ കൗണ്‍സിലേഴ്‌സിനെ നിയമിക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ ഇങ്ങനെയുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഏറെയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കുട്ടികളുടെ മാനസിക നില തകരുന്ന സ്ഥിതിയുണ്ടാവരുത്. ഇതു സംബന്ധിച്ച് അടിയന്തിരമായി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് അയയ്ക്കുമെന്നും പ്രസാദ് കുരുവിള പറഞ്ഞു.
