മലപ്പുറം: മൂത്തേടത്ത് കൊലവിളി മുദ്രാവാക്യ പ്രകടനം നടത്തിയ കേസില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷഫീഖ്, പ്രാദേശിക നേതാക്കളായ ഹസീബ്, ജോഷി എന്നിവരാണ് അറസ്റ്റിലായത്.
സംഭവം വിവാദമായതോടെ പ്രകടനത്തിന് നേതൃത്വം നല്‍കിയ മേഖല സെക്രട്ടറി ഷഫീഖിനെ ഡിവൈഎഫ്‌ഐയുടെ ചുമതലകളില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. ഷുക്കൂറിനെ കൊന്നതുപോലെ എതിരാളികളെ അരിഞ്ഞുതള്ളുമെന്നായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം.
''അന്ന് വടക്കേ കണ്ണൂരില്‍, ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞുതള്ളിയ പൊന്നരിവാള്‍, അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്തു കളിച്ചോളൂ...'' തുടങ്ങിയ പ്രകോപന മുദ്രാവാക്യം ഷഫീഖ് വിളിച്ചത് മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി. സംഭവത്തെ നേരത്തേ ജില്ല കമ്മിറ്റി തള്ളിപ്പറഞ്ഞിരുന്നു.
പ്രദേശത്തെ വാട്‌സ്ആപ്പ് കൂട്ടായ്മയിലെ ചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്‌പോര് ജൂണ്‍ 17ന് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവിഭാഗത്തിലെയും എട്ടു പേര്‍ക്കെതിരെ എടക്കര പോലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം ഡി.വൈ.എഫ്.ഐ മൂത്തേടത്ത് നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യം ഉയര്‍ന്നത്. ഇതിനെതിരെയും കേസുണ്ട്.
