Hot Posts

6/recent/ticker-posts

ഗാല്‍വാന്‍ ഏറ്റുമുട്ടല്‍:പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായി വളച്ചൊടിക്കുന്നുവെന്ന് കേന്ദ്രം



ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലുമായ് ബന്ധപ്പെട്ട് നടത്തിയ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന തെറ്റായി വളച്ചൊടിക്കാന്‍ ശ്രമം നടന്നതായി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിനെ വളച്ചൊടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണവുമായി രംഗത്തെത്തിയത്. 

വെള്ളിയാഴ്ചയാണ് ഗല്‍വാന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. 
എല്‍.എ.സിക്ക് (യഥാര്‍ഥ നിയന്ത്രണ രേഖ) സമീപത്തായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചൈനയുടെ ശ്രമമാണ് ജൂണ്‍ 15ന് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സൈനികരുടെ ചെറുത്തുനില്‍പ്പില്‍ ചൈനയുടെ ശ്രമം പരാജയപ്പെട്ടു. അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമത്തെയും പരാജയപ്പെടുത്തി. 

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്ത് ചൈനീസ് സാന്നിധ്യമില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം ധീരരായ സൈനികരുടെ ചെറുത്തുനില്‍പ്പിന്റെ ഫലമാണെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. അനാവശ്യ വിവാദം സൈനികരുടെ യശസ്സിനെ കുറച്ചുകാണാനുള്ള ശ്രമമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യന്‍ ഭൂപ്രദേശത്ത് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നും സൈനിക പോസ്റ്റുകള്‍ പിടിച്ചടക്കിയിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. മോദിയുടെ പ്രസ്താവനക്കെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രസ്താവന കബളിപ്പിക്കുന്നതാണെന്നും പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ സൈന്യവും പറയുന്നതിന് വിരുദ്ധമാണെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണവുമായി രംഗത്തെത്തിയത്.


Reactions