Hot Posts

6/recent/ticker-posts

സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി



കക്കോടി: സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന്  ബന്ധുക്കളും ബസ് ഉടമയും പറയുന്നു.  

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടര മാസം ബസ്സുകള്‍ ഓടിയിരുന്നില്ല. പിന്നീട് ചാര്‍ജ് വര്‍ധിപ്പിച്ച് ബസ്സുകള്‍ ഓടി. കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ നഷ്ടം സഹിച്ച് ബസ് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്ന് ഉടമകള്‍ തീരുമാനിച്ചിരുന്നു. സന്തോഷ് ജോലിചെയ്യുന്നതുള്‍പ്പെടെയുള്ള ബസുകള്‍ തിങ്കളാഴ്ച ഓടേണ്ടതില്ലെന്ന് നിശ്ചയിച്ചു. തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു കടുത്ത സാമ്പത്തിക ബാധ്യതകളുള്ള സന്തോഷെന്ന് വീട്ടുകാര്‍ പറയുന്നു. 

സന്തോഷിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനിടെ ഒരു ലോറിയില്‍ ജോലിചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയ സന്തോഷിനെ പിന്നീട് കാണാതായി. 

വര്‍ഷങ്ങളായി ബസ്സില്‍ ജോലിചെയ്യുന്ന സന്തോഷ് അടക്കമുള്ളവരെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കനത്ത നഷ്ടം സഹിച്ച് ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും ബസ് ഉടമ പറഞ്ഞു. മൃതദേഹം സംസ്‌കരിച്ചു.

Reactions