Hot Posts

6/recent/ticker-posts

വാട്സപ്പ് പേ ഉപയോഗിക്കേണ്ട വിധം


ന്യൂഡൽഹി : കൊറോണ വൈറസ് ലോകത്താകമാനം പടർന്ന് പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സാമൂഹിക അകലമുൾപ്പെടെയുള്ള ആരോഗ്യ പ്രോട്ടോകോളുകൾ പാലിക്കാൻ ബാധ്യസ്ഥരായതിനാൽ നമ്മളെല്ലാവരും ഇടപാടുകൾ നടത്തുന്നത് ചുരുക്കമാണ്. ഇത് നമ്മുടെ ദൈനംദിന ജീവിതരീതികളും വലിയ മാറ്റങ്ങൾ വരുത്തി തുടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് സാമൂഹിക ഇടപെടലുകളിൽ. അതുകൊണ്ട് തന്നെ ഓൺലൈൻ ഇടപാടുകളെ ആശ്രയിക്കേണ്ടതായി വന്നിരിക്കുന്നു. ഇതിനായി നാം ഉപയോഗിക്കുന്ന ഗൂഗിൾ പേ, ഫോൺ പേ, പേയ്‌ടിഎം എന്നിവയ്ക്കുപുറമേ മറ്റൊരാൾ കൂടി രംഗത്തെത്തി, വാട്സാപ്പ് പേ.

നാഷണൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NCPI)യുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സ് അഥവാ UPI അടിസ്ഥാനമാക്കിയാണ് ഇത്. പേയ്‌ടിഎമ്മിലെ വാലറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് പണം ശേഖരിക്കാൻ സാധിക്കുന്നത് പോലെയോ ഗൂഗിൾ പേയിലൂടെ ബില്ലുകൾ അടക്കുന്നത് പോലെയോ സ്വർണം വാങ്ങുന്നത് പോലെയോ വാട്സാപ്പ് പേയിൽ ചെയ്യാൻ സാധിക്കില്ല. പ്രധാനമായും പണം നേരിട്ട് അയക്കുന്നതിന് മാത്രം സഹായിക്കുന്ന സംവിധാനമാണിത്.

ആക്സിസ് ബാങ്ക്, HDFC ബാങ്ക്, ICICI ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഇത്തരത്തിലൊരു പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വൈകാതെ തന്നെ പങ്കാളിയാകും.



എങ്ങനെ ഉപയോഗിക്കാം ?

1. ഫോണിൽ വാട്സാപ്പ് അപ്ലിക്കേഷൻ open ചെയ്യുക.

2. വലത് വശത്ത് മുകളിലായി കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്യുക.

3. payments എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

4. Add payment method  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

5. നിങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്ക് തിരഞ്ഞെടുക്കുക (നിങ്ങളുടെ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ട് ആയിരിക്കണം).

6. അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലേക്ക് വെരിഫിക്കേഷൻ മെസ്സേജ് അയക്കുന്നതിന് അനുവാദം ചോദിക്കും.

7. അപ്പോൾ നിങ്ങളുടെ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങൾക്ക് വാട്സാപ്പ് പേയിൽ ഉപയോഗിക്കേണ്ട അക്കൗണ്ട് തിരഞ്ഞെടുക്കുക.

8. Done എന്ന ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ പേയ്‌മെന്റ് സെറ്റ് അപ്പ് പൂർത്തിയാവും.

എങ്ങനെ പണം അയക്കാം ?

Method 1

1. പണം അടയ്ക്കാനുള്ള വ്യക്തിയുടെ ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക.

2. അറ്റാച്ച്മെന്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് payment  ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. പണം അയക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് വാട്സാപ്പ് പേയ്‌മെന്റിൽ ഉണ്ടെങ്കിൽ പണം അയക്കാനും ആവശ്യപ്പെടുവാനുമുള്ള സ്ക്രീൻ തെളിഞ്ഞ് വരും.

4. അയക്കാനാഗ്രഹിക്കുന്ന തുക അയക്കുന്നതോടൊപ്പം എന്തെങ്കിലും കുറിപ്പുണ്ടെങ്കിൽ അതും അയക്കാം

5. പിന്നീട് UPI പിൻ ടൈപ്പ് ചെയ്യുക.

6. പണം ആവശ്യപ്പെടാൻ ആണെങ്കിൽ Request ചെയ്ത ശേഷം കാത്തിരിക്കുക.

Method 2 

1. വാട്സാപ്പ് മെയിൻ പേജിൽ കാണുന്ന മൂന്ന് കുത്തിൽ ക്ലിക്ക് ചെയ്ത ശേഷം  payment ഓപ്ഷൻ തിരഞ്ഞെടുക്കുക.

2. QR കോഡ് തുറന്ന് അത് നിങ്ങൾക്ക് പണം അയക്കാൻ ആഗ്രഹിക്കുന്നവർക്ക് കാണിച്ച് കൊടുക്കുക.

3. New Payment ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. UPI Id യോ QR കോഡോ അടിച്ച് കൊടുക്കുക.

വാട്സാപ്പിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കലേ ചാറ്റിലുള്ള വ്യക്തിക്ക് മറ്റൊരു ആപ്പ് ഓപ്പൺ ചെയ്യാതെ തന്നെ പണം അയക്കാൻ ഇത് സഹായിക്കും. ആൻഡ്രോയിഡിലും iOS ലും ഈ ഓപ്ഷൻ ഉണ്ട്.

Reactions