Hot Posts

6/recent/ticker-posts

ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍



തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ഇവ തുറന്നാല്‍ രോഗവ്യാപാനം നിയന്ത്രണാതീതമാകുമെന്നും ഐ.എം.എ പറയുന്നു. 

ശക്തനായ ഒരു വൈറസിനോടാണ് യുദ്ധം. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുമ്പോള്‍ രോഗവ്യാപനമുണ്ടാകും. പുറത്തുനിന്ന് ആളുകള്‍ വരുകയും ചിലരെങ്കിലും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്യുന്നതോടെ സമൂഹവ്യാപന സാധ്യത കൂടി വരികയാണ്.

രോഗം കിട്ടിയത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്നാണ് ഐഎംഎയുടെ ആശങ്ക.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ടുനിറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി അവസ്ഥയുണ്ടാവാന്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ലോക്ഡൗണിന്റെ അഞ്ചാം ഘട്ടത്തില്‍ ജൂണ്‍ 8 മുതല്‍ നിബന്ധനകളോടെ ആരാധനാലയങ്ങളും മാളുകളും തുറക്കാന്‍ അനുവാദം നല്‍കിയിരുന്നു. 






Reactions