പാലക്കാട്: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ സ്‌ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് പിടിയിലായ വില്‍സണ്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പടക്കം തയാറാക്കിയ മറ്റു രണ്ടു പേര്‍ക്കു കൂടി കേസില്‍ പങ്കുണ്ടെന്നു തെളിഞ്ഞതിനാല്‍ ഇവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമാണ് വില്‍സന്‍. അമ്പലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ മാസം 27-ന് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കംപൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്. കൈതച്ചക്കയില്‍ വച്ച സ്‌ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം.
പിടിയാന ഭക്ഷണം കഴിക്കുന്നതിനിടയില്‍ വായില്‍ വച്ചു പടക്കമോ മറ്റോ പൊട്ടിത്തെറിച്ചതാകാം അതീവ ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.വായുടെ ഒരു ഭാഗവും നാവും ചിതറിപ്പോയിരുന്നു. അതിരൂക്ഷമായ വേദനയോടെ ആന ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ ഓടിനടന്നിരുന്നു. വ്രണങ്ങളില്‍ പുഴുവും ഈച്ചയുമായി നദിയില്‍ ഇറങ്ങി വായ് വെള്ളത്തില്‍ താഴ്ത്തിയാണ് ആന നിന്നിരുന്നത്.
അവശനിലയിലായ ആനയെ രക്ഷിക്കാന്‍ വനംവകുപ്പ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. രണ്ടു കുങ്കിയാനകളെ എത്തിച്ചു രക്ഷിക്കാന്‍ പരിശ്രമിച്ചെങ്കിലും പിടിയാന വെള്ളത്തില്‍നിന്നും കയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ നിന്നനില്‍പില്‍ ചരിഞ്ഞു. ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാലാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന ഗര്‍ഭിണിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി.
