Hot Posts

6/recent/ticker-posts

പ്രവാസികള്‍ക്കുള്ള കോവിഡ് പരിശോധന അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി: ആരോഗ്യ മന്ത്രി



തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കോവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. 

പോസറ്റീവ് ആയ ആളുകള്‍ ഒരു വിമാനത്തില്‍ ഉണ്ടാകുമ്പോള്‍ അതിനകത്തെ ഭൂരിപക്ഷം നെഗറ്റീവ് ആയ ആളുകള്‍ക്ക് രോഗം വരാന്‍ സാധ്യത കൂടുന്നു എന്നതിനാലാണ്. അതാണ് പരിശോധിച്ച ശേഷം വരുന്നതാണ് ഉചിതം എന്ന് പറഞ്ഞത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പറഞ്ഞത് തികച്ചും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങളാണ് -മന്ത്രി വിശദീകരിച്ചു.

ഗര്‍ഭിണികള്‍, കോവിഡ് അല്ലാത്ത അസുഖം മൂലം ബുദ്ധിമുട്ടുന്നവര്‍, ജോലിയില്ലാതെ ഒറ്റപ്പെട്ടവര്‍ തുടങ്ങി വിദേശത്തുള്ളവര്‍ക്ക് തിരിച്ചുവരാന്‍ മുന്‍ഗണന വെച്ചിരുന്നു. ഗര്‍ഭിണികളടക്കം ഉള്ള വിമാനത്തില്‍ കോവിഡ് പോസറ്റീവ് ആയ ആളുകളെയും കൊണ്ടുവരാമെന്ന് തീരുമാനിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങും.

ഇന്ന് വരെ സാമൂഹ്യ വ്യാപനം തടഞ്ഞു നിര്‍ത്താനായി. പക്ഷേ, സാമൂഹ്യ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പു പറയാനാകില്ല. ആളുകള്‍ കേരളത്തിലേക്ക് വരേണ്ട എന്ന് ഒരിക്കലും പറയില്ല. പക്ഷേ രോഗം ബാധിച്ച ആളുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യതയുണ്ട് -ആരോഗ്യ മന്ത്രി പറഞ്ഞു.

Reactions