കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനി അഞ്ജുവിന്റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പിതാവും ബന്ധുക്കളും രംഗത്ത്. ഹാള്‍ ടിക്കറ്റിന് പിറകിലുള്ളത് മകളുടെ കൈയക്ഷരമല്ലെന്നും അഞ്ജു കോപ്പി അടിച്ചിട്ടില്ലെന്നും പിതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മകള്‍ ജീവനൊടുക്കിയത് മാനസിക പീഡനം സഹിക്കാതെയാണ്. കോളേജ് അധികൃതര്‍ അഞ്ജു കോപ്പിയടിച്ചെന്നതിന് തെളിവായി കാണിച്ച ഹാള്‍ടിക്കറ്റിന് പിറകിലെ കൈയക്ഷരം അവളുടേതല്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍ കോളേജ് അധികൃതര്‍ കൃത്രിമം കാട്ടിയെന്നും പിതാവ് ആരോപിച്ചു.
കഴിഞ്ഞ ദിവസം പരീക്ഷ എഴുതാന്‍ പോയ അഞ്ജു തിരിച്ചെത്തിയിരുന്നില്ല. പിന്നീട് മൃതദേഹം മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. പരീക്ഷയില്‍ കോപ്പി അടിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ നിന്ന് ഇറക്കിവിട്ടതായി വിവരം ലഭിച്ചിരുന്നു.
ആരോപണം ഉയര്‍ന്നതോടെ, വിദ്യാര്‍ഥിനി പാഠഭാഗങ്ങള്‍ പകര്‍ത്തിക്കൊണ്ടുവന്നെന്ന് പറയുന്ന ഹാള്‍ ടിക്കറ്റും പരീക്ഷ ഡ്യൂട്ടിയിലെ അധ്യാപകെന്റ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ ഇത് പിടിച്ചെടുക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും അധികൃതര്‍ ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ ക്ലാസിലെ മികച്ച കുട്ടികളില്‍ ഒരാളായിരുന്നു അഞ്ജു എന്നും കുട്ടി കോപ്പിയടിക്കുമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അഞ്ജു പഠിച്ച കോളേജിലെ അധ്യാപകരും വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം അഞ്ജുവിന്റെ മരണത്തില്‍ സംസ്ഥാന വനിത കമീഷന്‍ സ്വമേധയാ കേസെടുത്തു. നിജസ്ഥിതി സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിത കമീഷന്‍ അംഗം ഇ.എം. രാധ അറിയിച്ചു. സംഭവത്തില്‍ യുവജന കമീഷനും കേസെടുത്തിട്ടുണ്ട്.
