Hot Posts

6/recent/ticker-posts

ജൂണ്‍ ഒമ്പത് മുതല്‍ ആരാധനാലയങ്ങള്‍, മാളുകള്‍, റസ്‌റ്റോറന്റുകള്‍ തുറക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ആരാധനാലയങ്ങളും റസ്‌റ്റോറന്റുകളും മാളുകളും തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ എട്ടിന് ഇവ തുറന്ന് പ്രവര്‍ത്തിച്ച് അണുവിമുക്തമാക്കണം. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് റസ്‌റ്റോറന്റുകളും മാളുകളും ആരാധനാലയങ്ങളും തുറക്കേണ്ടത്. 

ആരാധനാലയങ്ങളില്‍ ഒരു സമയത്ത് പരമാവധി 100 പേര്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടാവുക. 100 ചതുരശ്ര മീറ്ററില്‍ 25 പേര്‍ എന്ന രീതിയിലാണ് ആരാധനാലയങ്ങളില്‍ ആളുകളെ ക്രമീകരിക്കുക. ഇങ്ങനെ പരമാവധി 100 പേര്‍ക്ക് പ്രവേശനമുണ്ടാകും. ഇവിടെ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. കോവിഡ് പ്രതിരോധ പോസ്റ്റര്‍ ആരാധനാലയങ്ങളില്‍ പതിപ്പിക്കുകയും വേണം.

ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. 10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല. ഇവര്‍ വീടുകളില്‍ തന്നെ തുടരണം. 65 വയസ് മുകളില്‍ പ്രായമുള്ള പുരോഹിതര്‍ക്കും ഈ നിബന്ധന ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. അന്നദാനം, ചോറൂണ്, എന്നിവ ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. പൊതുടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പായ, വിരിപ്പ് എന്നിവര്‍ ആരാധനയ്ക്ക് എത്തുന്നവര്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







Reactions